താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിൽ വൻ വിള്ളൽ; വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

താമരശ്ശേരി: താമരശ്ശേരിച്ചുരം എട്ടാം വളവിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടത് ആശങ്കയുയർത്തുന്നു. ശക്തമായ മഴ തുടരുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് ചുരത്തിലെ എട്ടാംവളവിൽ റോഡിന്റെ ഒരുവശത്ത് വിള്ളൽ രൂപപ്പെട്ടത്. ഹെയർപിൻ വളവ് വീതികൂട്ടൽ പ്രവൃത്തിയുടെ ഭാഗമായി ഗാബിയോൺ നെറ്റ് ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമാണം നടന്നുകൊണ്ടിരിക്കുന്ന വളവാണിത്. പാതയോരത്തെ പാർശ്വഭിത്തിയോട് ചേർന്ന് റോഡിന്റെ ഒരുവശത്തായി അഞ്ചുമീറ്റർ നീളത്തിലും ചിലയിടത്ത് എഴുപത് സെന്റീമീറ്റർവരെ ആഴത്തിലുമാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ഈ ഭാഗത്ത് നേരത്തേ പാതയോരത്തുള്ള മരങ്ങൾ മുറിക്കുകയും മണ്ണെടുക്കുകയും ചെയ്തിരുന്നു.

റോഡിന്റെ അരികുഭാഗം വിള്ളൽ രൂപപ്പെട്ട് ദുർബലമായ സാഹചര്യത്തിൽ വാഹനങ്ങൾ വശങ്ങളിലേക്ക് അമിതമായി ചേർത്ത് ഓടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കും. അതിനാൽ വിള്ളൽ കാണപ്പെട്ട ഭാഗത്ത് വലിയ വാഹനങ്ങൾക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഡിവൈഡറുകൾ സ്ഥാപിച്ചു.

വിള്ളലുകൾക്കിടയിലേക്ക് വെള്ളം കിനിഞ്ഞിറങ്ങാതിരിക്കാൻ കരാർച്ചുമതലയുള്ള ചൗധരി കൺസ്ട്രക്ഷൻസ് കമ്പനിയുടെ തൊഴിലാളികൾ, ചുരം സംരക്ഷണ സമിതിയംഗങ്ങളുടെ സഹകരണത്തോടെ റോഡ് ഭാഗത്ത് ടാർപായ വിരിച്ച് അതിന് മുകളിൽ മണൽചാക്കുകൾ നിരത്തി. നിലവിൽ ഇതുവഴി വലിയ വാഹനങ്ങൾ ഒറ്റവരിയായി മാത്രമാണ് കടത്തിവിടുന്നത്. ഇത് വാഹനത്തിരക്കുള്ള സമയങ്ങളിൽ ഗതാഗതക്കുരുക്കിന് ഇടയാക്കി.

പി.ഡബ്ല്യു.ഡി. എൻ.എച്ച്. വിഭാഗം സൂപ്രണ്ടിങ് എൻജിനിയർ സി. രാജേഷ് ചന്ദ്രൻ, എക്‌സിക്യുട്ടീവ് എൻജിനിയർ കെ.വി. സുജീഷ്, അസി. എക്‌സിക്യുട്ടീവ് എൻജിനിയർ നിധിൽ ലക്ഷ്മണൻ, അസി. എൻജിനിയർ എം. സലീം എന്നിവരുൾപ്പെട്ട പൊതുമരാമത്ത് ദേശീയപാത വിഭാഗം അധികൃതർ സംഭവസ്ഥലം സന്ദർശിച്ച് സുരക്ഷ വിലയിരുത്തി. തുടർനടപടികൾ സ്വീകരിക്കുന്നതുവരെ വിള്ളലുണ്ടായ ഭാഗത്തുകൂടിയുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരം ഒറ്റവരിയാക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *