കാലടി സർവകലാശാല സസ്‌പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനാകുമോ? ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡൽഹി: കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യാർഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി നാളെ പരിഗണിക്കാൻ തീരുമാനിച്ചത്. കേസിൽ വിദ്യാർഥികൾ വിജയിച്ചാൽ പ്രത്യേക പരീക്ഷ നടത്തുന്നതിന് ഉത്തരവിടാനുള്ള അധികാരം സുപ്രീം കോടതിക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഹൈക്കോടതി വിധിക്കെതിരേ ഇന്നലെ അർധരാത്രി 11.35-നാണ് 16 വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഹർജി ഫയൽ ചെയ്ത 16 വിദ്യാർഥികളിൽ 10 പേരുടെ സെമസ്റ്റർ പരീക്ഷ ഇന്ന് ആരംഭിക്കുകയാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ ദേവവ്രതും സുഭാഷ്ചന്ദ്രൻ കെ.ആറും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ചൂണ്ടിക്കാട്ടി.

ഇന്ന് പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തിൽ ഒന്നുകിൽ ഹർജി ഒരു മണിക്ക് കേൾക്കണമെന്നും അല്ലെങ്കിൽ വിദ്യാർഥികൾക്ക് നിബന്ധനകളോടെ പരീക്ഷ എഴുതാൻ അനുമതി നൽകണമെന്നും അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഇന്ന് കേസ് കേൾക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സെമസ്റ്റർ പരീക്ഷ എഴുതിയില്ലെങ്കിൽ ഒരു വർഷം നഷ്ടമാകുമെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. തുടർന്നാണ് കേസിൽ വിദ്യാർഥികൾ വിജയിക്കുകയാണെങ്കിൽ പ്രത്യേക പരീക്ഷ നടത്തുന്നതിന് ഉത്തരവിടാൻ തങ്ങൾക്ക് അധികാരം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ നാളെ സുപ്രീംകോടതിയിൽ നിന്ന് തീരുമാനം ഉണ്ടായേക്കും.

വിദ്യാർഥികൾക്ക് സെമസ്റ്റർ പരീക്ഷ എഴുതാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. എന്നാൽ, സർവകലാശാലയുടെ അപ്പീൽ പരിഗണിച്ച് സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ആവശ്യമായ അറ്റൻഡൻസ് ഉൾപ്പെടെ ചില വിദ്യാർഥികൾക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ സസ്‌പെൻഷനിൽ ആയതിനാലായിരുന്നു അറ്റൻഡൻസ് ഇല്ലാതെ പോയത് എന്നാണ് വിദ്യാർഥികളുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *