വിവാഹ വാഗ്ദാനം നൽകി കോഴിക്കോട് സ്വദേശിയായ യുവാവിൽ നിന്ന് 20 ലക്ഷത്തിലേറെ രൂപ തട്ടിയെന്ന് പരാതി; യുവതിക്കെതിരെ കേസ്

കോഴിക്കോട്: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവാവിൽ നിന്ന് 20 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം. ഹൈമയ്‌ക്കെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

സോഷ്യൽ മീഡിയ വഴിയാണ് യുവാവും യുവതിയും പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും അടുത്ത സുഹൃത്തുക്കളാവുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി യുവതി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണം കൈക്കലാക്കുകയുമായിരുന്നു. 2025 ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള ചുരുങ്ങിയ കാലയളവിൽ 20,81,450 രൂപ ഇവർ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.

താൻ നേരത്തെ വിവാഹിതയാണെന്ന വിവരം പൂർണ്ണമായും മറച്ചുവെച്ചാണ് യുവതി സൗഹൃദം സ്ഥാപിച്ചതെന്നും യുവാവ് ആരോപിക്കുന്നു. തട്ടിയെടുത്ത പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെ വഞ്ചിച്ചതോടെയാണ് യുവാവ് ചേവായൂർ പൊലീസിനെ സമീപിച്ചത്. കേസിൽ യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *