പീരുമേട്: കുട്ടിക്കാനത്ത് നടന്ന കോഫി ഷോപ്പ് കവർച്ചയുമായി ബന്ധപ്പെട്ട് ഒരാളെ പീരുമേട് പോലീസ് പിടികൂടി. തിരുവല്ല കവിയൂർ സ്വദേശി തൈക്കാട്ട് വീട്ടിൽ ഹർത്താൽ സിങ് റാവത്തിന്റെ മകൻ വിശാൽ റാവത്ത് (22) ആണ് അറസ്റ്റിലായത്. കുട്ടിക്കാനത്തെ എസ്.ബി.ഐ. എ.ടി.എമ്മിന് സമീപം പ്രവർത്തിക്കുന്ന തമ്പാൻ കോഫി ഷോപ്പിൽ കഴിഞ്ഞ മാസം കവർച്ച നടത്തിയ കേസിലാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കൊപ്പം പ്രായപൂർത്തിയാകാത്ത മറ്റ് നാലുപേർ കൂടി ഉൾപ്പെടുന്നതായാണ് വിവരം.
മുൻപ് അടൂർ, പത്തനംതിട്ട, പന്തളം മേഖലകളിൽ നടത്തിയ മോഷണങ്ങളുമായി ബന്ധപ്പെട്ട് വിശാലിനെ അടൂർ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിനിടെയാണ് കുട്ടിക്കാനത്തെ കോഫി ഷോപ്പിൽനിന്ന് വിരലടയാള വിദഗ്ധർ ശേഖരിച്ച വിരലടയാളം, വിശാലിനൊപ്പമുള്ള പ്രായപൂർത്തിയാകാത്ത കുറ്റവാളിയുടേതാണെന്ന് പോലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പീരുമേട് പോലീസ് വിശാലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കാനത്തെ മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
അറസ്റ്റിലായ വിശാലിന്റെ പേരിൽ നിലവിൽ 23-ഓളം കേസുകളുണ്ട്. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇയാൾക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇടുക്കി ജില്ലയിൽ ആദ്യമായാണ് ഇയാൾക്കെതിരെ കേസ് വരുന്നതെന്ന് പോലീസ് അറിയിച്ചു. പീരുമേട് പോലീസ് എസ്.എച്ച്.ഒ. അമൽ വർഗീസിന്റെ നേതൃത്വത്തിലും സി.പി.ഒ. ഷാനുവിന്റെ പങ്കാളിത്തത്തിലുമാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം മോഷണങ്ങളാണ് ഈ സംഘം നടത്തിയത്. ഇവരുടെ ഓരോരുത്തരുടെയും പേരിൽ എട്ടുമുതൽ 10 വരെ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവർ ഇപ്പോൾ കൊല്ലത്തെ കെയർ ഹോമിലാണെന്നാണ് പ്രാഥമിക നിഗമനം.

