ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിക്ക് പിന്നാലെ ഡാൻസഫിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് കോടികളുടെ കള്ളനോട്ട് നിർമ്മാണ യൂണിറ്റ്

കൊല്ലം: ഭർത്താവിനെ തട്ടികൊണ്ട് പോയെന്ന ഭാര്യയുടെ പരാതിയ്ക്ക് പിന്നാലെ പോയ ഡാൻസഫ് സംഘത്തിന്റെ അന്വേഷണത്തിൽ പുറത്തായത് വമ്പൻ കള്ളനോട്ട് കേസ്. വാടി കല്ലേലിവയൽ സ്വദേശി സിബിയോണിന്റെ വാടിയിലെ വീട്ടിൽ നിന്നും കള്ളനോട്ടും കള്ളനോട്ട് അച്ചടിക്കുന്ന സാമഗ്രികളും നോട്ട് എണ്ണുന്ന മെഷീനും പിടികൂടി. സിബിയോണിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയെന്ന് ഇയാളുടെ ഭാര്യ കൊല്ലം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ ഇയാൾ സ്‌റ്റേഷനിൽ ഹാജരാവുകയും തട്ടിക്കൊണ്ടു പോയവർ തന്നെ വിട്ടയച്ചെന്ന് അറിയിക്കുകയും ആയിരുന്നു. പോലീസ് ഒഴിവാക്കിയ കേസിൽ കൊല്ലം ഡാൻസ് ഓഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരമാണ് വഴിത്തിരിവായി മാറിയത്. സിബിയോണിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടര കോടിയോളം രൂപയുടെ കള്ളനോട്ട് അച്ചടിക്കാനായി കരുതിയ സാമഗ്രികളുമാണ് കണ്ടെത്തിയത്.

പ്രിന്ററും 500 രൂപയുടെ കള്ളനോട്ട് അച്ചടിക്കാനായി മുറിച്ച പേപ്പർ കെട്ടുകളും നോട്ട് എണ്ണുന്ന യന്ത്രവുമാണ് കണ്ടെത്തിയത്. പേപ്പർ കെട്ടുകളുടെ വശത്ത് അഞ്ഞൂറ് രൂപ നോട്ടിന്റെ ഡിസൈൻ പ്രിന്റ് ചെയ്തിട്ടുണ്ട്. 45 പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളും 4.32 ലക്ഷം രൂപയും കണ്ടെടുത്തു. പിന്നിൽ വൻ കള്ളനോട്ട് മാഫിയ തന്നെ ഉണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സിബിയോണിനെവിശദമായി ചോദ്യം ചെയ്യുന്നതോടെ നിർണായക വിവരങ്ങൾ ലഭിച്ചേക്കുമെന്ന് പോലീസ് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *