കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്ന് 8000 രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ മോഷ്ടിച്ച രണ്ട് വിദ്യാർത്ഥികൾ പിടിയിലായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതിലൊരാൾ മുൻപും സമാനമായ രീതിയിൽ മോഷണം നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.
കോഴിക്കോട്: നഗരത്തിലെ മാളിൽ കറങ്ങി നടന്ന് മോഷണം നടത്തിയ വിദ്യാർത്ഥികൾ പിടിയിൽ. സ്വകാര്യ സ്ഥാപനത്തിലെ ഡിജിറ്റൽ മാർക്കറ്റിങ് വിദ്യാർത്ഥികളായ പെരിന്തൽണ്ണ പുളിക്കത്തൊടി സ്വദേശി മുഹമ്മദ് ഷമീർ (21), തോട്ടേക്കാട് ആലിക്കപറമ്പിൽ സബിത (19) എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട് പന്തീരാങ്കാവിന് സമീപം ആറുവരിപ്പാതയോട് ചേർന്നുള്ള ഹൈലൈറ്റ് മാളിലെ സൂപ്പർ മാർക്കറ്റിലാണ് കവർച്ച നടന്നത്. വിൽപ്പനയ്ക്ക് വച്ച സൗന്ദര്യവർധക വസ്തുക്കളാണ് ഇരുവരും കവർന്നത്. ഡിസ്‌പ്ലേയ്ക്ക് വെച്ച 8000 രൂപ വില വരുന്ന സാധനങ്ങൾ സെയിൽസ് എക്‌സിക്യുട്ടീവിന്റെ കണ്ണുവെട്ടിച്ച് ഷമീറും സബിതയും കൈക്കലാക്കിയെന്നാണ് കേസ്. സിസിടിവി ദൃശ്യങ്ങൾ സഹിതം മാൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പന്തീരങ്കാവ് പോലീസ് കേസെടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. സബിത നേരത്തെ മറ്റൊരു മാളിലും സമാന രീതിയിൽ കവർച്ച നടത്തിയിരുന്നതായി പൊലീസ് പറയുന്നു. അന്ന് ആയിരം രൂപയിലേറെ വിലയുള്ള ചോക്ലേറ്റ് മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ സുരക്ഷാ ജീവനക്കാർ പിടികൂടുകയായിരുന്നു.
