രക്ഷാപ്രവർത്തനത്തിനിടെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം പുളിങ്ങോത്ത് നിന്ന് കണ്ടെടുത്തു

ചെറുപുഴ: കാര്യങ്കോട് പുഴയിൽ വെള്ളപ്പൊക്കത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽ കാണാതായ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി ആർ. രാജേഷിന്റെ (35) മൃതദേഹമാണ് പുളിങ്ങോം പാലത്തിന് സമീപത്തുനിന്ന് കണ്ടെടുത്തത്.

ശനിയാഴ്ചയാണ് സംഭവം നടന്നത്. മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷപ്പെടുത്താൻ സുഹൃത്തുക്കൾക്കൊപ്പമാണ് രാജേഷ് എത്തിയത്. മീന്തുള്ളി വാട്ടർ ഫാൾസിലെ പരിശീലകനായ രാജേഷും സുഹൃത്തുക്കളായ ഷിബിനും ജിതിനും കരകവിഞ്ഞൊഴുകിയ പുഴ നീന്തിക്കടന്നാണ് തുരുത്തിലെത്തിച്ചേർന്നത്.

തുരുത്തിൽ നിന്ന് തിരികെ വരുമ്പോൾ തന്റെ പക്കലുണ്ടായിരുന്ന ലൈഫ് ജാക്കറ്റ് രാജേഷ് ബെന്നിക്ക് നൽകുകയായിരുന്നു. തുടർന്ന് കയർ പിടിച്ച് പുഴ കടക്കുന്നതിനിടെ പിടിവിട്ട് രാജേഷ് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.

അതേസമയം, അപകടത്തിന് ശേഷം കാര്യക്ഷമമായ തിരച്ചിൽ നടത്താൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സഹായത്തിനായി പ്രാദേശിക ജനപ്രതിനിധികളെയും എം.എൽ.എയെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *