രണ്ട് വർഷത്തെ ഒളിവ് ജിവിതം ഹിമാചൽ പ്രദേശിലെ കുളുവിൽ ടൂറിസ്റ്റ് ഗൈഡായി മയക്കുമരുന്ന് കേസിലെ പ്രതി; വേഷമാറിയെത്തി പൊലീസ്, ഒടുവിൽ പിടിയിൽ

മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ. തൃശൂർ തലപ്പിള്ളി പൈങ്കുളം സ്വദേശി രാഗേഷ് (ജുമാഞ്ചി 32)നെയാണ് നെടുമ്പാശേരി പൊലീസ് ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്ന് പിടികൂടിയത്.
നെടുമ്പാശ്ശേരി: മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ. തൃശൂർ തലപ്പിള്ളി പൈങ്കുളം സ്വദേശി രാഗേഷ് (ജുമാഞ്ചി 32)നെയാണ് നെടുമ്പാശേരി പൊലീസ് ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്ന് പിടികൂടിയത്. 2024 ജൂൺ 27-ന് ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 316 ഗ്രാം എംഡിഎംഎ, 2 എൽഎസ്ടിഡി സ്റ്റാമ്പ് , 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽ വച്ച് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ ചാലയക്കൽ സ്വദേശി ആസാദ് (38), മലപ്പുറം തിരൂരങ്ങാടി സ്വദേശി ഹരികൃഷ്ണൻ (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാഹനവും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക സഹായം ചെയ്തയാളാണ് രാഗേഷ് . ഇവർ പിടിയിലായതറിഞ്ഞ് രാഗേഷ് കുളുവിലേക്ക് ഒളിവിൽപ്പോയി. കുളുവിൽ ബേസ് ക്യാമ്പിൽ നിന്ന് 20 കിലോമീറ്റർ മുകളിൽ ഒരു റിസോർട്ടിലാണ് ഇയാൾ ടൂറിസ്റ്റ് ഗൈഡായി ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണ സംഘം വിനോദ സഞ്ചാരികളായി വേഷം മാറി ദിവസങ്ങളോളം താമസിച്ചാണ് രാഗേഷിനെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻറെ നേതൃത്വത്തിൽ ഡി വൈ എസ് പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ ബി കെ അരുൺ, എസ്ഐമാരായ അരുൺ രാജ്, റോണി അഗസ്റ്റിൻ എഎസ്ഐ എംവി ബിനു, സിപിഒ സജാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *