പൾസർ സുനിക്ക് കനത്ത തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; ജയിലിൽ തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. സുനിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. 20 വർഷത്തെ കഠിനതടവ് വിധിച്ച വിചാരണക്കോടതി വിധിയിൽ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധത കണ്ടെത്താൻ സാധിച്ചില്ലെന്നും പൊതുജനതാൽപര്യവും സമൂഹത്തിലുണ്ടാക്കുന്ന ആഘാതവും പരിഗണിക്കുമ്പോൾ ശിക്ഷ മരവിപ്പിക്കാൻ തക്കതായ യാതൊരു അസാധാരണ സാഹചര്യവും പ്രതിക്ക് ബോധിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി പൾസർ സുനിയുടെ ആവശ്യം തള്ളിയത്.

പ്രതി എട്ട് വർഷത്തോളമായി ജയിലിൽ കഴിയുന്നു എന്നതുമാത്രം ശിക്ഷ മരവിപ്പിക്കാനുള്ള അസാധാരണ സാഹചര്യമായി കണക്കാക്കാൻ കഴിയില്ല. പ്രതിക്ക് എതിരെ ഗുരുതരമായ 11 മറ്റ് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മുൻപ് ജാമ്യത്തിലിറങ്ങിയ സമയത്ത് ഹോട്ടലിൽ അടിപിടിയുണ്ടാക്കി ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായും കോടതി നിരീക്ഷിച്ചു.

ഇരയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ച ഡിഎൻഎ പ്രൊഫൈൽ പ്രതിയുടേതുമായി പൊരുത്തപ്പെടുന്നതുൾപ്പെടെയുള്ള ശക്തമായ ശാസ്ത്രീയ തെളിവുകൾ വിചാരണക്കോടതിയുടെ കണ്ടെത്തലുകളെ ശരിവെക്കുന്നു. വിചാരണക്കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ, പ്രീ-ട്രയൽ ഘട്ടത്തിലുള്ള ‘കുറ്റം തെളിയുന്നതുവരെ നിരപരാധി’ എന്ന ആനുകൂല്യം പ്രതിക്ക് ഇനി ലഭിക്കില്ല. ശിക്ഷ മരവിപ്പിക്കാൻ ശക്തമായ കാരണങ്ങൾ വേണം. പണം വാങ്ങി ഒരു നടിയെ ആസൂത്രിതമായി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തത് അതീവ ക്രൂരവും അപചയവുമുള്ള കുറ്റകൃത്യമാണ്. ഇത് സ്ത്രീകളുടെ അന്തസ്സിനും സുരക്ഷയ്ക്കും മേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *