കണ്ണനല്ലൂർ: നല്ലിലയിൽ ദീർഘനാളായി പൂട്ടിക്കിടക്കുകയായിരുന്ന കശുവണ്ടി ഫാക്ടറിയിൽ അതിക്രമിച്ച് കയറി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. തൃക്കോവിൽവട്ടം വില്ലേജിലെ ചേരിക്കോണം ചിറയിൽ വീട്ടിൽ താജുദീന്റെ മകൻ മാഹീൻ (25), ഷിജുവിന്റെ മകൻ ഷിബിലാൽ (28) എന്നിവരെയാണ് കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഫാക്ടറിയുടെ മേൽക്കൂരയിലെ അലൂമിനിയം റൂഫിങ് ഷീറ്റുകൾ, വിലകൂടിയ കോപ്പർ വയറുകൾ, പറമ്പിലെ വാഴക്കുലകൾ എന്നിവയടക്കം ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് പ്രതികൾ കവർന്നത്. കഴിഞ്ഞ മാസം 20-ാം തീയതി ഫാക്ടറി ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇതിൽ പിടിയിലായ മാഹീൻ മുൻപും മോഷണം, അക്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കണ്ണനല്ലൂർ പോലീസ് സബ് ഇൻസ്‌പെക്ടർ സ്വാതിയുടെ നേതൃത്വത്തിൽ എസ്.ഐ. റെനോകസ്, സി.പി.ഒ.മാരായ നജുമുദീൻ, ജിഷ്ണു, അജിൻ, പ്രമോദ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
