കോഴിക്കോട് അതിഥി തൊഴിലാളികളെ മർദിച്ച് കവർച്ച നടത്തിയ കേസ്: മുഴുവൻ പ്രതികളും അറസ്റ്റിൽ

കോഴിക്കോട്: അതിഥി തൊഴിലാളികളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയും ക്രൂരമായി മർദിക്കുകയും ചെയ്ത ശേഷം മൊബൈൽ ഫോണുമായി കടന്നുകളഞ്ഞ സംഭവത്തിൽ രണ്ട് യുവാക്കൾ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ ഉൾപ്പെട്ട മുഴുവൻ ആളുകളും പിടിയിലായി. കുന്നമംഗലത്തിന് സമീപം ചൂലൂർ വെള്ളലശ്ശേരി സ്വദേശി ജംഷാദ് (18), ആദിത്യൻ (19) എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. ആദർശ് (20), മലപ്പുറം വാഴക്കാട് സ്വദേശി നിജാസ്(18) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രി കുറ്റിക്കാട്ടുരിലെ എം.എ ചിക്കൻ സ്റ്റാളിനു പിന്നിലായി അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ അതിക്രമിച്ചു കയറിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തിയും അടിച്ച് പരിക്കേൽപ്പിച്ചും മൊബൈൽ ഫോൺ കവർന്ന് കൊണ്ടുപോകുകയായിരുന്നു. അന്ന് നാട്ടുകാർ തടഞ്ഞുവെച്ചതിനെ തുടർന്ന് ആദർശ്, നിജാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജംഷാദും ആദിത്യനും ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് സൈബർസെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ രണ്ടു പേരും വീട്ടിൽ എത്തിയെന്ന വിവരം ലഭിച്ചു. അങ്ങനെയാണ് ഇവരും പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *