തിരുവനന്തപുരം: യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ കഴിഞ്ഞ പ്രധാന പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ. നാവായിക്കുളം ഡീസൻറ്മുക്ക് സ്വദേശി സുരേഷാണ് പിടിയിലായത്. 2023 ഡിസംബർ 31ന് രാത്രി ഒമ്പതോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഐരമൺനിലയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരേഷിനെയും സുഹൃത്തുക്കളെയും മറ്റൊരു സംഘം ചോദ്യം ചെയ്ത്‌തതാണ് പ്രകോപനത്തിന് കാരണം. ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയും വിനേഷ്, നൗഫൽ, മനു, മുഹമ്മദ്. കൃഷ്ണപ്രസാദ് എന്നിവരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പൊലീസ് സുരേഷിനൊപ്പം ഉണ്ടായിരുന്ന കേസിലെ രണ്ടാം പ്രതി പ്രദീപിനെയും മൂന്നാം പ്രതി അൻസാറിനെയും ഉടൻ അറസ്റ്റുചെയ്തിരുന്നു. എന്നാൽ അവധിക്ക് നാട്ടിലെത്തിയ ഒന്നാം പ്രതി സുരേഷ് വിദേശത്തേക്ക് മടങ്ങിപ്പോയിരുന്നു. ഖത്തറിൽ വെൽഡിംഗ് ജോലി ചെയ്യുകയായിരുന്ന ഇയാളെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. പിന്നാലെയാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരി എയർപോർട്ടിലെത്തിയ പ്രതിയെ കല്ലമ്പലം പൊലീസ് സംഘം അറസ്റ്റുചെയ്തത്.
