വ്യാജ മാർക്ക് ലിസ്റ്റ് കാട്ടി പാലക്കാട് പഞ്ചായത്തിൽ 5 വർഷം ജോലി: മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

പാലക്കാട്: വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് പഞ്ചായത്തിൽ തൽക്കാലിക ജോലി സമ്പാദിച്ച മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്. പാലക്കാട് പുതുക്കോട് പഞ്ചായത്തിൽ അഞ്ച് വർഷം ജോലി ചെയ്ത ഡിവൈഎഫ്ഐ നേതാവായിരുന്ന കെ.വി. ഗണപതിക്കെതിരെയാണ് കേസ്. തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ആയാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ബിരുദം പാസാകാത്ത ഗണപതി, കാലിക്കറ്റ് സർവകലാശാലയിൽ നിന്നുള്ള ബി. കോം ബിരുദത്തിന്റെ വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ചാണ് ജോലി നേടിയത്. തട്ടിപ്പ് കണ്ടെത്തിയ പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകുകയായിരുന്നു.

വടക്കഞ്ചേരി പൊലീസ് ഗണപതിക്ക് എതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽപോയി. പരാതി ഉയർന്നപ്പോൾ തന്നെ ഗണപതിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയെന്ന് നേതൃത്വം അറിയിച്ചു. കരാർ കാലാവധി കഴിഞ്ഞപ്പോൾ ഗണപതിയെ പുതിയ പഞ്ചായത്ത് ഭരണ സമിതി ജോലിയിൽ നീക്കിയിരുന്നു. വ്യാജ മാർക്ക് ലിസ്റ്റിന്റെ ആത്മവിശ്വാസത്തിൽ ഗണപതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതിന് ശേഷമാണ് മാർക്ക് ലിസ്റ്റ് വ്യാജമാണെന്ന് പഞ്ചായത്ത് അധികൃതർ കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *