പാലക്കാട്: ഫേസ്ബുക്ക് പരസ്യം കണ്ട് ഡ്രോൺ ക്യാമറ ഓർഡർ ചെയ്ത യുവാവിന് കൊറിയറിൽ ലഭിച്ചത് രണ്ട് കുപ്പിവെള്ളം. പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശിയായ യുവാവാണ് ഓൺലൈൻ തട്ടിപ്പിനിരയായത്. ‘ഇന്റോ ഗാഡ്ജെറ്റ്സ്’ (Into Gadgets) എന്ന ഫേസ്ബുക്ക് പേജ് വഴി ഡ്രോൺ ഓർഡർ ചെയ്ത യുവാവിന് 2,200 രൂപ നഷ്ടമായി.

മൂന്ന് ദിവസത്തിനകം സാധനം എത്തിച്ചുനൽകാമെന്ന വാഗ്ദാനത്തെ തുടർന്ന് ആദ്യം കൊറിയർ ചാർജായി 200 രൂപ യുവാവ് ഓൺലൈനായി കൈമാറി. തുടർന്ന് കൊറിയർ കമ്പനി വഴി പാർസൽ വീട്ടുപടിക്കൽ എത്തിയപ്പോൾ ബാക്കി 2,000 രൂപ നൽകി പെട്ടി വാങ്ങുകയായിരുന്നു. എന്നാൽ പെട്ടി തുറന്നുനോക്കിയപ്പോഴാണ് ഡ്രോണിന് പകരം രണ്ട് കുപ്പിവെള്ളം കണ്ട് കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിയുന്നത്.
സംഭവത്തിൽ യുവാവ് ഒറ്റപ്പാലം പോലീസിൽ പരാതി നൽകി. സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള ഇത്തരം വ്യാജ ഓൺലൈൻ പരസ്യങ്ങളിലും തട്ടിപ്പുകളിലും വീഴരുതെന്നും, വെരിഫൈ ചെയ്ത വിശ്വസനീയമായ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി മാത്രം സാധനങ്ങൾ വാങ്ങണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
