കാലി (കൊളംബിയ): എട്ടുമാസം ഗർഭിണിയായ യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ശേഷം വയറുപിളർന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ഞെട്ടി വിറച്ച് കൊളംബിയ. തെക്കുപടിഞ്ഞാറൻ നഗരമായ കാലിക്ക് സമീപം പൊൾവോറിനെസിലാണ് ദാരുണമായ സംഭവം നടന്നത്. ആദ്യത്തെ കൺമണിയെ കാത്തിരുന്ന മരിയ കാമില പൊട്ടോസി (21) എന്ന യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
ജൂലൈ 16-നാണ് മരിയയെ കാണാതാകുന്നത്. വീട്ടിൽ നിന്ന് നാല് മൈൽ അകലെ തരിശുഭൂമിയിൽ കമ്പിളികൾ കൊണ്ട് മൂടിയ നിലയിലാണ് പിന്നീട് മൃതദേഹം കണ്ടെത്തിയത്. ശരീരം മുഴുവൻ കുത്തേറ്റ മുറിവുകളുണ്ടായിരുന്നു.
കാമുകന്റെ വീട്ടിലായിരുന്ന സമയത്ത് മരിയയ്ക്ക് ഒരു സ്ത്രീയുടെ ഫോൺ കോൾ വരികയും, കുഞ്ഞിനായുള്ള സമ്മാനങ്ങൾ വാങ്ങാൻ പോകുകയാണെന്ന് പറഞ്ഞ് മരിയ അവരുടെ സ്കൂട്ടറിന് പിന്നിൽ കയറിപ്പോകുകയുമായിരുന്നു. ഗർഭിണികൾക്കായുള്ള പ്രാദേശിക കേന്ദ്രത്തിൽ വെച്ചാണ് മരിയ ഈ സ്ത്രീയെ പരിചയപ്പെട്ടത്. അക്രമികൾ മുൻകൂട്ടി പ്ലാൻ ചെയ്താണ് കൃത്യം നടത്തിയതെന്ന് പോലീസ് കരുതുന്നു.
സംഭവത്തിന് പിന്നിൽ നാലിലധികം പേർ അടങ്ങുന്ന സംഘമുണ്ടെന്ന് കാലി പോലീസ് കമ്മീഷണർ ജനറൽ ഹെർബർട്ട് ബെനാവിഡെസ് സ്ഥിരീകരിച്ചു. കൊലപാതകികളെക്കുറിച്ചും കാണാതായ കുഞ്ഞിനെക്കുറിച്ചും സൂചന നൽകുന്നവർക്ക് നഗര ഭരണകൂടം 62,000 ഡോളർ (ഏകദേശം 50 ലക്ഷത്തിലധികം രൂപ) പാരിതോഷികം പ്രഖ്യാപിച്ചതായി മേയർ അലക്സാന്ദ്രോ ഈഡർ അറിയിച്ചു.
തന്റെ കുഞ്ഞുമകൾ ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷയിലാണ് കുടുംബമെന്നും അക്രമികൾ ദയവുചെയ്ത് കുഞ്ഞിനെ തിരികെ നൽകണമെന്നും കണ്ണീരോടെ മരിയയുടെ അമ്മ ആൽബ ഗോമസ് അഭ്യർത്ഥിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
