
കോഴിക്കോട്: ബേപ്പൂരിലെ പ്രശസ്തമായ രേണുക ഓയിൽ മില്ലിലുണ്ടായ വൻ തീപിടിത്തത്തിൽ മിൽ പൂർണമായും കത്തിനശിച്ചു. ഞായറാഴ്ച രാത്രി 9.30-ഓടെയായിരുന്നു സംഭവം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായെത്തിയ 10 യൂണിറ്റ് അഗ്നിരക്ഷാസേന രാത്രി മുതൽ പുലർച്ചെ വരെ നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി അണച്ചത്.
സംഭവസമയത്ത് മില്ലിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. ഓണം വിപണി മുന്നിൽ കണ്ട് വൻതോതിൽ സ്റ്റോക്ക് ചെയ്തിരുന്ന വെളിച്ചെണ്ണ, ചാക്കുകളിൽ സൂക്ഷിച്ചിരുന്ന കൊപ്ര, പൊളിച്ച തേങ്ങ, വിറക് എന്നിവ പൂർണമായും കത്തിയമർന്നു. മില്ലിനുള്ളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
സമീപത്തെ ജനവാസ മേഖലയിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും തീ പടരാതെ ഫയർഫോഴ്സ് സമയോചിതമായി തടഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
