കക്കട്ടിലിൽ 6.5 ഗ്രാം എം.ഡി.എം.എ.യുമായി മരുതോങ്കര സ്വദേശി പിടിയിൽ; ലഹരി എത്തിച്ചത് ബംഗളൂരുവിൽ നിന്ന്

കക്കട്ടിൽ (കോഴിക്കോട്): കോഴിക്കോട് ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് വീണ്ടും എം.ഡി.എം.എ. വേട്ട. കക്കട്ടിൽ അമ്പലക്കുളങ്ങരയിൽ വെച്ച് 6.5 ഗ്രാം എം.ഡി.എം.എ.യുമായി മരുതോങ്കര മുണ്ടതിൽ അബ്ദുൾ മുഹമ്മദ് (38) പോലീസിന്റെ പിടിയിലായി. ബംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച രാസലഹരിയുമായാണ് ഇയാൾ കുടുങ്ങിയത്.

അതേസമയം, വടകരയിൽ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവേട്ടയുടെ ഭാഗമായി അറസ്റ്റിലായ ബി.ആർ.സി. അധ്യാപികമാർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി ശക്തമാക്കി. റിമാൻഡിലുള്ള കായിക അധ്യാപിക കെ.സി. കീർത്തനയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രോജക്ട് ഓഫീസറാണ് ഉത്തരവിറക്കിയത്. കേസിലുൾപ്പെട്ട സ്പെഷ്യൽ എജ്യുക്കേറ്റർ കാവ്യക്കെതിരെയുള്ള പുറത്താക്കൽ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങും.

ലഹരി ആവശ്യക്കാരിൽ നിന്ന് ക്യൂ.ആർ. കോഡ് വഴി പണം അക്കൗണ്ടിലേക്ക് വാങ്ങുകയും, ഗൂഗിൾ മാപ്പ് വഴി ലൊക്കേഷൻ പങ്കുവെച്ച് ലഹരി കൈമാറാൻ വഴിയൊരുക്കുകയുമായിരുന്നു അധ്യാപികമാരുടെ രീതി. രണ്ടു ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായ വടകര സ്വദേശി സഫ്വാനെ ചോദ്യം ചെയ്തതോടെയാണ് അധ്യാപികമാരുടെ പങ്കിനെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചത്. അധ്യാപികമാർക്ക് പണമയച്ചവരെയും പ്രധാന വിതരണക്കാരെയും കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *