സി പി ഐ എമ്മിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് കെ.കെ ശൈലജ; തോറ്റാൽ നേതൃത്വത്തെ മാറ്റുന്ന രീതി പാർട്ടിക്കില്ല; ദിവ്യ എസ് അയ്യരുടെ മാറ്റം വിവാദമാക്കേണ്ടതില്ലെന്നും പ്രതികരണം

ന്യൂഡൽഹി: സിപിഐഎമ്മിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് കെ കെ ശൈലജ. പരാജയമുണ്ടായാൽ നേതൃത്വത്തെ മാറ്റുന്ന രീതി സിപിഐഎമ്മിലില്ലെന്ന് അവർ പറഞ്ഞു. കോൺഗ്രസ് പോലെയുള്ള പാർട്ടി അല്ലല്ലോ സിപിഐഎമ്മെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

തെറ്റ് തിരുത്തിയാൽ ആർക്കും പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്റെ നിലപാടിലും അവർ പ്രതികരിച്ചു. ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയതാണെന്നും കാത്തിരുന്ന് കാണാമെന്നുമായിരുന്നു അവരുടെ പ്രതികരണം. മാർക്‌സിസ്റ്റ് പാർട്ടി ക്ഷീണിക്കാതിരിക്കാനുള്ള ഇടപെടൽ എന്താണെങ്കിലും അത് ചെയ്തിരിക്കുമെന്നും അവർ പറഞ്ഞു. വിഴിഞ്ഞം പോർട്ട് എം ഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവം വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്നായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.

പുതിയ സർക്കാർ വരുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റമുണ്ടാകുമെന്നാണ് കെ കെ ശൈലജയുടെ നിലപാട്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകണം. പൂർണ്ണമായും കോർപ്പറേറ്റുകളുടെ കയ്യിലേക്ക് പോകരുതെന്നും കെ കെ ശൈലജ പറഞ്ഞു.

ആരോഗ്യവകുപ്പ് ആര് കൈകാര്യം ചെയ്താലും വൃത്തിയായി ചെയ്യണം. വളരെ ശ്രദ്ധിക്കേണ്ട സമയമാണിതെന്നും വകുപ്പും സർക്കാരും ശ്രദ്ധിക്കണമെന്നും മുൻ ആരോഗ്യമന്ത്രി കൂടിയായ അവർ പറഞ്ഞു. പകർച്ചവ്യാധി മൂലമുണ്ടാകുന്ന മരണം കുറയ്ക്കണം. സാധാരണക്കാരന് സൗജന്യ ചികിത്സ ഉറപ്പാക്കണം. ഇതിനൊക്കെ തടസ്സം വന്നാൽ ജനങ്ങൾ എന്തായാലും പ്രതികരിക്കും.

ഏതു പാർട്ടി ഭരിച്ചാലും ദൈനംദിന പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഏറ്റെടുത്തില്ലെങ്കിൽ പല പ്രശ്‌നങ്ങളും സൃഷ്ടിക്കും. വകുപ്പ് ആര് കൈകാര്യം ചെയ്താലും ജാഗ്രതയോടെ പ്രവർത്തിക്കണം. കേരളത്തിൽ എയിംസ് എവിടെയെങ്കിലും ഒന്ന് വന്നാൽ മതിയെന്ന് പറഞ്ഞ കെ കെ ശൈലജ സംസ്ഥാന സർക്കാരിൽ അഭിപ്രായ ഐക്യം ഇല്ലെന്നാണ് മനസ്സിലാകുന്നതെന്നും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *