കോഴിക്കോട്: കോഴിക്കോട് കക്കോടി പാലത്തിന് സമീപത്തെ ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ വിദ്യാർഥികളെ ജീവനക്കാർ മടക്കി അയച്ചു. പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് മദ്യം നൽകാൻ ജീവനക്കാർ വിസമ്മതിച്ചതിനെത്തുടർന്നാണ് സ്ഥലത്ത് സംഘർഷാവസ്ഥയും വാക്തർക്കവുമുണ്ടായത്. ഇന്നലെ രാവിലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ആദ്യം സ്കൂൾ യൂണിഫോമിൽ ഔട്ട്ലെറ്റിലെത്തിയ വിദ്യാർഥികളോട് 23 വയസ്സ് പൂർത്തിയാകാത്തവർക്ക് മദ്യം നൽകില്ലെന്ന് വ്യക്തമാക്കിയ ജീവനക്കാർ ഇവരെ മടക്കി അയക്കുകയായിരുന്നു. എന്നാൽ ഇതിനുശേഷം യൂണിഫോം മാറ്റി സാധാരണ വസ്ത്രം ധരിച്ച് വിദ്യാർഥികൾ വീണ്ടും മദ്യത്തിനായി കൗണ്ടറിലെത്തി. ആദ്യം താഴത്തെ നിലയിലെ പ്രീമിയം കൗണ്ടറിലെത്തി മദ്യം ആവശ്യപ്പെട്ടെങ്കിലും പ്രായപരിധി ചൂണ്ടിക്കാട്ടി ജീവനക്കാർ അനുമതി നിഷേധിച്ചു.

തുടർന്ന് ഇവർ മുകളിലത്തെ നിലയിലെ കൗണ്ടറിലെത്തി വീണ്ടും മദ്യം ആവശ്യപ്പെടുകയും, ജീവനക്കാർ നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇവർ തമ്മിൽ വാക്തർക്കം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ വിദ്യാർഥികൾ തങ്ങൾക്ക് പകരം മദ്യം വാങ്ങാനായി താഴെ നിന്നിരുന്ന മറ്റ് ചിലരെ മുകളിലേക്ക് അയച്ചിരുന്നു. എന്നാൽ വിദ്യാർഥികൾ ആവശ്യപ്പെട്ട അതേ ബ്രാൻഡ് തന്നെ ഇവർ ആവശ്യപ്പെട്ടതോടെ ജീവനക്കാർക്ക് സംശയം തോന്നി. നിങ്ങൾ പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് വേണ്ടി മദ്യം വാങ്ങാൻ വന്നതാണോയെന്ന് ജീവനക്കാർ ചോദ്യം ചെയ്യുകയും, ഈ രീതിയിൽ മദ്യം നൽകിയാൽ കേസ് വരുമെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ ഇവരെയും ജീവനക്കാർ പിന്തിരിപ്പിച്ചു.
ഇതോടെ പ്രകോപിതരായ വിദ്യാർഥികൾ വീണ്ടും കൗണ്ടറിലെത്തി ജീവനക്കാരുമായി വലിയ തർക്കത്തിലായി. സംഭവത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് എത്തുകയും ഔട്ട്ലെറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

