കണ്ണൂർ: വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദം ഏറ്റുപിടിക്കാതെ സിപിഐഎം നേതാവ് ഇ പി ജയരാജൻ. ആരോപണം ഉന്നയിച്ചവരാണ് വിഷയത്തിൽ മറുപടി പറയേണ്ടതെന്ന് ഇ പി ജയരാജൻ പറഞ്ഞു. താൻ ഇത്തരരം ആരോപണങ്ങൾ ഉന്നയിക്കാറില്ലെന്നും അദേഹം വ്യക്തമാക്കി. വിഴിഞ്ഞം വിഷയത്തിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉൾപ്പെടെയുള്ളവർ ഉന്നയിച്ച അഴിമതിയാരോപണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഇ പി ജയരാജൻ.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൂർണ്ണമായും അനാവശ്യമാണെന്നും ഇത് കേരളത്തിന് ഒട്ടും ഗുണകരമല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശനെയും ഇ പി ജയരാജൻ വിമർശിച്ചിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിവാദമുണ്ടാക്കാനാണ് താൽപര്യമെന്ന് ഇ പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഭരിക്കാൻ താൽപര്യമില്ലെന്നും ജയരാജൻ വിമർശിച്ചു. വിഷയത്തിൽ എം വി ജയരാജൻ പറഞ്ഞത് പാർട്ടി തീരുമാനമല്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
‘വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വിവാദത്തിലേക്ക് പോയി, അതിന്റെ പ്രവർത്തനങ്ങളെ നിർജീവമാക്കുന്നത് കേരളത്തിന് ഗുണകരമല്ല. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ അതിന്റെ കരാർ വ്യവസ്ഥയനുസരിച്ച് വേഗത്തിൽ പൂർത്തീകരിക്കാനുള്ള താൽപര്യമാണ് സംസ്ഥാന സർക്കാർ കാണിക്കേണ്ടത്. കരാർ വ്യവസ്ഥയിൽനിന്ന് വ്യതിചലിക്കാതെയും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയത്തക്ക നിലയിൽ ഫലപ്രദമായ ഇടപെടലാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. മന്ത്രിമാരൊക്കെ ആ കാര്യത്തിൽ നല്ലതുപോലെ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. കേരളത്തിന്റെ പൊതുതാൽപര്യമാണ് സംരക്ഷിക്കപ്പെടേണ്ടത്’; ഇ പി ജയരാജൻ പറഞ്ഞു.
ഏതെങ്കിലും ആളുകൾക്ക് അഴിമതി നടന്നുവെന്ന പ്രശ്നങ്ങളുണ്ടെങ്കിൽ അത് അവർ തന്നെ ഉന്നയിക്കട്ടെ. ആരോപണങ്ങൾ ബന്ധപ്പെട്ട മന്ത്രിമാരും വിജിലൻസും അന്വേഷിക്കട്ടെ. താൻ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. ആരാണോ ഉന്നയിച്ചത് അവരോട് ചോദിച്ച് കാര്യം വ്യക്തമാക്കുന്നതായിരിക്കും നല്ലതെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
