കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഷഫീഖിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭൗതികശരീരം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം വെട്ടിച്ചിറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
