തിരുവനന്തപുരം: നിയമന വിവാദത്തിൽ പിഎസ്‌സി ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഎസ്‌സി ആസ്ഥാനത്തേക്ക് തളളിക്കയറി. പിഎസ്‌സി ചെയർമാന്റെ ഓഫീസ് ഉപരോധിച്ചു. ചെയർമാൻ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് ഓഫീസ് ഉപരോധിച്ചത്. ചെയർമാനെ തടയാനുളള ശ്രമത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പിഎസ്‌സി ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാർക്ക് പരിക്കേറ്റു. അനിൽ കുമാർ, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.
അതേസമയം, പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് നീക്കം. ആസൂത്രണ ബോർഡ് കെഎഎസ് പരീക്ഷ ക്രമക്കേടിലെ പരാതിക്കാരുടെ മൊഴിയാണ് ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തുക. മുഖ്യമന്ത്രിക്ക് ലഭിച്ച മുഴുവൻ പരാതികളിലും അന്വേഷണം നടത്താനാണ് തീരുമാനം. പരീക്ഷാ ക്രമക്കേടിലെ മാധ്യമ വാർത്തകളും ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്ന വിവരവുമുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിനുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. അന്വേഷണ സംഘത്തിൽ രണ്ട് ഡിവൈഎസ്പിമാരും ഉണ്ടാകും. ഇന്നലെ മന്ത്രിസഭാ യോഗം പിഎസ്‌സി പരീക്ഷാ ക്രമക്കേട് വിശദമായി ചർച്ച ചെയ്തിരുന്നു. അതിവേഗത്തിൽ തന്നെ അന്വേഷണം പൂർത്തിയാക്കാനാണ് മന്ത്രിസഭാ യോഗത്തിൻറെ നിർദ്ദേശം. ആസൂത്രണ ബോർഡ് ചീഫ് കെഎഎസ് പരീക്ഷകളിലാണ് ക്രമക്കേട് പരാതി ഉയർന്നത്. സമാന തസ്തകയിൽ മുൻപ് നടന്നിട്ടുള്ള അഭിമുഖത്തിലെ ക്രമക്കേടിലും എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫീസർ പരീക്ഷയിലെ ക്രമക്കേടിലും പരാതിയുണ്ട്. ഹോട്ടൽ മാനേജ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നടന്ന പരിക്ഷയിലും പരാതി ലഭിച്ചിട്ടുണ്ട്.
