ഫുട്ബോൾ കോച്ചിംഗിന്റെ മറവിൽ പെൺകുട്ടികൾക്ക് നേരെ പീഡനം….. മലപ്പുറത്ത് ഫുട്ബോൾ പരിശീലകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ മലപ്പുറത്ത് ഫുട്ബോൾ പരിശീലകൻ വീണ്ടും അറസ്റ്റിലായി. മാറഞ്ചേരി പുത്തൻ പുരയിൽ നിബ്രാസാണ് (26) പോക്‌സോ കേസിൽ അറസ്റ്റിലായത്. വിദ്യാർഥിനിയുടെ മൊഴിയിലാണ് നിബ്രാസിനെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്. കോച്ചിൻറെ പീഡനത്തെപ്പറ്റി ഒന്നിലധികം വിദ്യാർഥിനികൾ സ്‌കൂൾ അധികൃതരോട് പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് തന്നെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജയിലായിരുന്ന പ്രതിക്കെതിരെ മറ്റൊരു വിദ്യാർഥിനിയുടെ മൊഴിയിലാണ് ഇപ്പോൾ പുതിയ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ മഞ്ചേരി കോടതിയിൽ നിന്ന് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി വീണ്ടും കോടതിയിൽ ഹാജരാക്കുകയായിരുന്നു. സ്‌കൂൾ അധികൃതരോടാണ് പീഡന വിവരം കുട്ടി ആദ്യം പറഞ്ഞത്. അധികൃതർ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. ഫുട്ബോൾ പരിശീലന കേന്ദ്രം നടത്തുന്ന പ്രതി കൂടുതലായും പെൺകുട്ടികൾക്കാണ് പരിശീലനം നൽകിയിരുന്നത്. പ്രതിക്കെതിരെ മൊഴി കൊടുക്കുന്നതിൽനിന്ന് പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ബന്ധുക്കളിൽ ചിലർ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *