ബീമാപ്പള്ളിയിൽ രണ്ട് ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ബീമാപ്പള്ളിയിൽ രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൂന്തുറ പൊലീസ് പിടിച്ചെടുത്തു. ഗോഡൗണിൽ അഞ്ച് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിലയിലാണ് ഇവ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കട ഉടമ മാഹിൻ, ജീവനക്കാരൻ നസീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം കൊല്ലത്ത് 15 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങളും ഇന്ന് പിടിയിലായിട്ടുണ്ട്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവർ പിടിയിലായത്. ബാപ്പുജി ദിഗൽ, ഹിറോദൽ ദിഗൽ എന്നിവരാണ് കൊല്ലം റെയിൽവേ പൊലീസും റെയിൽവേ ഇന്റലിജൻസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്.

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന കഞ്ചാവ് എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യം. എറണാകുളം സ്റ്റേഷനിൽ പരിശോധന ശക്തമാണെന്ന് മനസ്സിലാക്കിയ പ്രതികൾ അവിടെ ഇറങ്ങാതെ കൊല്ലത്തേക്ക് യാത്ര തുടരുകയായിരുന്നു. സ്റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതികളെ കസ്റ്റഡിയിലെടുത്ത് രണ്ട് പെട്ടികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നുവെന്ന് റെയിൽവേ എസ്.എച്ച്.ഒ എസ്. ശ്യാമകുമാരി അറിയിച്ചു. പ്രതികളിൽ ഒരാൾ കേരളത്തിൽ ജോലി ചെയ്തുവരികയാണ്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ‘ഓപ്പറേഷൻ തൂഫാന്റെയും’ ഭാഗമായി റെയിൽവേ പരിസരങ്ങളിൽ നടത്തുന്ന കർശന പരിശോധനയിലാണ് പ്രതികൾ വലയിലായത്.

Leave a Reply

Your email address will not be published. Required fields are marked *