കോഴിക്കോട്: എറണാകുളം-ഓഖ എക്സ്പ്രസ് ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയ സംഭവത്തിൽ തിരുവനന്തപുരം എരവൂർ സ്വദേശി റെജിയെ ആർ.പി.എഫും റെയിൽവേ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം രാത്രി ഷൊർണൂരിന് സമീപത്ത് വെച്ചായിരുന്നു സംഭവം. പരാതിക്കാരിയും സഹോദരിയും മകളും ഒരുമിച്ചാണ് ട്രെയിനിൽ യാത്ര ചെയ്തിരുന്നത്. ഇതിനിടെ ഉറങ്ങുകയായിരുന്ന സഹോദരിയുടെയും മകളുടെയും ചിത്രങ്ങൾ റെജി മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് പരാതി. കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ഉടൻ തന്നെ ടി.ടി.ഇയെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനാണ് ഇയാൾ ചിത്രങ്ങൾ പകർത്തിയതെന്ന് പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
