കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: നിക്ഷേപമായി വാങ്ങിയ 100 പവൻ സ്വർണം മുൻ ഡയറക്ടർ റെനീഷ് വിറ്റു

വടകര: ഏറെ കോളിളക്കം സൃഷ്ടിച്ച കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ ഡയറക്ടർ റെനീഷ് നിക്ഷേപകരുടെ സ്വർണം വിറ്റഴിച്ചതായി പോലീസിന്റെ കണ്ടെത്തൽ. 18 ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപമായി സ്വീകരിച്ച 100 പവൻ സ്വർണമാണ് ഇയാൾ വിറ്റത്. കേസിൽ റെനീഷ് അടക്കം മൂന്ന് പ്രതികൾ നിലവിൽ റിമാൻഡിൽ കഴിയുകയാണ്. നിക്ഷേപകനായ ഇബ്രാഹിം ഹാജി തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തോടെയാണ് സൊസൈറ്റിയിലെ കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്.

ഒരു കുടുംബത്തിലെ അംഗങ്ങളിൽ നിന്നായി വാങ്ങിയ 100 പവൻ സ്വർണം സഹകരണ സംഘത്തിന്റെ അക്കൗണ്ടിൽ കാണിക്കാതെ, റെനീഷ് സ്വന്തം നിലയിൽ മറ്റൊരു ബാങ്ക് അക്കൗണ്ടിൽ എത്തിച്ച് പണയപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് മാറ്റുകയും, അവിടെനിന്ന് വീണ്ടെടുത്ത് ജ്വല്ലറിയിൽ എത്തിച്ച് വിൽക്കുകയുമായിരുന്നുവെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ തെളിഞ്ഞു.

കഴിഞ്ഞ മാസമാണ് ഇടുക്കിയിൽ നിന്ന് റെനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ വാങ്ങി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സ്വർണം വിറ്റഴിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നത്. മുൻപ് നടന്ന ഓഡിറ്റിൽ 2 കോടി 18 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നെങ്കിലും, നിലവിലെ വിവരങ്ങൾ അനുസരിച്ച് അതിലും വലിയ തുകയുടെ തിരിമറിയാണ് സൊസൈറ്റിയിൽ നടന്നിട്ടുള്ളതെന്ന് വ്യക്തമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *