മാടാക്കര പള്ളിയിൽ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ പൊലീസുകാരെ സ്ഥലം മാറ്റിയതിൽ വിശദീകരണവുമായി റൂറൽ എസ്പി മെറിൻ ജോസഫ്. സമൂഹത്തിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ വീഴ്ചയുണ്ടായതിനാലെന്ന് നടപടി
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ് നടത്തിയ പൊലീസുകാരെ സ്ഥലം മാറ്റിയതിൽ വിശദീകരണവുമായി കോഴിക്കോട് റൂറൽ പൊലീസ് മേധാവി മെറിൻ ജോസഫ്. പൊലീസ് സമൂഹത്തിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് പാലിക്കാത്തതിനാലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നാണ് മെറിൻ ജോസഫ് വ്യക്തമാക്കിയത്. പൊലീസ് നടപടിക്കെതിരെ ചിലർക്ക് എതിർപ്പുണ്ടായിരുന്നുവെന്നും അവർ വിവരിച്ചു. പൊലീസ് നടപടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. സമൂഹത്തിൻറെ വികാരം കൂടി മാനിക്കണം. അത് പാലിക്കാത്തതിനാലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയെന്നും മെറിൻ ജോസഫ് കൂട്ടിച്ചേർത്തു. എസ് എച്ച് ഒ ഉൾപ്പെടെ അഞ്ച് പേരെയാണ് നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്. പള്ളിയിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കും ലാത്തിച്ചാർജിലേക്കും നീങ്ങിയത്. മുസ്ലിംലീഗും കെ കെ രമ എം എൽ എയും പള്ളിയിൽ കയറി ലാത്തിചാർജ് നടത്തിയ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

എസ് ഐക്കെതിരെയടക്കം നടപടി
പള്ളിയിലെ സംഭവങ്ങളുടെ പേരിൽ ചോമ്പാല സ്റ്റേഷനിലെ എസ് ഐ ഷമീൽ അടക്കം അഞ്ച് പൊലീസുകാരെയാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് റൂറൽ പൊലീസ് ഹെഡ്ക്വാർട്ടേസിലേക്കാണ് എസ് ഐ ഷമീൽ അടക്കം അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റിയത്. പയ്യോളി എസ് എച്ച് ഒ ജയ്മോൻ പി ജെയെ ചോമ്പാല എസ് എച്ച് ഒ ആയി നിയമിക്കുകയും ചെയ്തു. അതേസമയം പള്ളിയിലുണ്ടായ ലാത്തിചാർജ് അടക്കമുള്ള നടപടികളിൽ പൊലീസിനെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി രംഗത്തെത്തി. പള്ളിയിലുണ്ടായ പൊലീസ് ഇടപെടൽ അനാവശ്യമായിരുന്നു എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി. സമയബന്ധിതമായ പൊലീസ് ഇടപെടൽ കാരണം മാത്രമാണ് പ്രദേശത്ത് ഉണ്ടാകുമായിരുന്ന വലിയൊരു സംഘർഷം ഒഴിവാക്കാനും സാഹചര്യം ശാന്തമാക്കാനും സാധിച്ചതെന്നും കമ്മിറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. അനുരഞ്ജന സാധ്യതകൾ അടഞ്ഞതോടെയാണ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്. പൊലീസുകാരെ സ്ഥലം മാറ്റിയ നടപടി ശരിയായില്ല. നിയമപാലകരെ ശിക്ഷിക്കുകയല്ല, നിയമം ലംഘിച്ച് ആരാധന തടസ്സപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. പൊലീസ് പള്ളിക്കകത്ത് ബൂട്ടിട്ട് കയറിയതിനെ വിമർശിച്ച മുസ്ലിംലീഗും സി പി എമ്മും യാഥാർത്ഥ്യം മനസിലാക്കിയിട്ടില്ലെന്നും മഹല്ല് കമ്മിറ്റി അഭിപ്രായപ്പെട്ടു.
