കൊടുങ്ങല്ലൂർ: പൊലീസിനെ കണ്ട് പരിഭ്രാന്തനായി കഞ്ചാവ് പൊതികൾ അടുപ്പിലെ കനലിലിട്ട് നശിപ്പിക്കാൻ ശ്രമിച്ച യുവാവ് നാടകീയമായി പിടിയിലായി. വിവിധ കേസുകളിൽ പ്രതിയായ ‘അഫ്സൽ പെപ്പ’ എന്ന കുറ്റിക്കാട്ടിൽ അഫ്സൽ (27) ആണ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിലായത്. എറിയാട് ആറാട്ടുവഴിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാളെ പിടികൂടാൻ പോലീസ് എത്തിയപ്പോഴായിരുന്നു രംഗങ്ങൾ അരങ്ങേറിയത്.
പോലീസിനെ അപ്രതീക്ഷിതമായി കണ്ട അഫ്സൽ കൈവശമുണ്ടായിരുന്ന കഞ്ചാവ് പാക്കറ്റുകൾ അടുപ്പിനുള്ളിലേക്ക് തള്ളുകയായിരുന്നു. അടുപ്പിൽ തീ ഉണ്ടായിരുന്നില്ലെങ്കിലും ചാാരത്തിനടിയിൽ കനലുണ്ടായിരുന്നതിനാൽ കഞ്ചാവ് പാക്കറ്റുകൾ കരിഞ്ഞ് വീടിനുള്ളിൽ രൂക്ഷഗന്ധം പടർന്നു. അന്തരീക്ഷത്തിൽ വ്യാപിച്ച കഞ്ചാവ് മണത്തിന്റെ ഉറവിടം തേടിയ പോലീസിന് തൊട്ടടുത്ത നിമിഷം തന്നെ കാര്യം മനസ്സിലായി. തുടർന്ന് എസ്.ഐയും സംഘവും അടുപ്പിൽ നിന്ന് കഞ്ചാവ് പൊതികൾ വീണ്ടെടുക്കുകയായിരുന്നു.
കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് നിയമത്തിന് പുറമെ, ജാമ്യമില്ലാ വകുപ്പായ ബാലനീതി നിയമത്തിലെ സെക്ഷൻ 77 കൂടി പോലീസ് ചുമത്തിയിട്ടുണ്ട്. പ്രദേശത്ത് സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന മറ്റ് സംഘങ്ങളെക്കുറിച്ച് അന്വേഷണം ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
കൊടുങ്ങല്ലൂർ സബ് ഇൻസ്പെക്ടർമാരായ അതുൽ മോഹൻ, അറഫത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിഷ, കിഷോർ ചന്ദ്രൻ, ജിജിൻ ജെയിംസ്, ഡാൻസാഫ് (DANSAF) അംഗങ്ങളായ എസ്.ഐ പ്രദീപ്, എ.എസ്.ഐ ലിജു, സി.പി.ഒമാരായ ബിജു, സുർജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
