ഒഡീഷയിൽ നിന്ന് ബെംഗളൂരു വഴി കൊച്ചിയിലേക്ക് കഞ്ചാവ് കടത്ത്; 20 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാനക്കാർ അത്താണിയിൽ പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നടന്ന പരിശോധനയിൽ 20 കിലോഗ്രാമോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ-മൂർഷിദാബാദ് സ്വദേശികളായ ഫിറോജ് മിയ (44), ബാബർ അലി (32), മണിപ്പൂർ സ്വദേശി നരേഷ് ദാസ് ( 72) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും നെടുമ്പാശ്ശേരി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ ടൂറിസ്റ്റ് ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവ് അത്താണി സിഗ്നൽ ജംഗ്ഷനിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ബാഗുകളിൽ തുണികൾക്കിടയിൽ പ്രത്യേകം പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടി മാർഗ്ഗം ബെംഗളൂരുവിൽ എത്തുകയും അവിടെ നിന്ന് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് കൊണ്ടുവരുകയും ആയിരുന്നു. കൊച്ചി സിറ്റിയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഫിറോജ് മിയ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിൽ മുഖ്യകണ്ണിയായി പ്രവർത്തിക്കുന്ന ആളാണ് എന്ന് പൊലീസ് വ്യക്തമാക്കി. കുറച്ചു നാളുകളായി ഡാൻസാഫ് ടീമിൻറെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഡാൻസാഫ് ടീമിനെ കൂടാതെ ഡി വൈ എസ് പിമാരാരായ ജെ ഉമേഷ് കുമാർ, എൻ ബാബുക്കുട്ടൻ നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബി കെ അരുൺ, സബ് ഇൻസ്പെക്ടർ അരുൺ ദേവ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *