ചൊള്ളനാവയൽ ഉന്നതിയിൽനിന്ന് ആദ്യം; MBBS പ്രവേശനംനേടി അശ്വതിമോൾ, മെഡിക്കൽ കുപ്പായമണിയാൻ കണ്ണൂരിലേക്ക്

റാന്നി: ചൊള്ളനാവയൽ ഉന്നതിയിൽനിന്ന് ആദ്യമായി എം.ബി.ബി.എസ്. പ്രവേശനം നേടിയ അശ്വതിമോൾ മെഡിക്കൽ കുപ്പായം അണിയാൻ കണ്ണൂരിലേക്ക്. ബുധനാഴ്ച കണ്ണൂർ മെഡിക്കൽ കോളേജിൽ ചേരും. വെള്ളിയാഴ്ച ഇതിനുള്ള അറിയിപ്പ് ലഭിച്ചതുമുതൽ, വീട്ടിൽ നേരിട്ടെത്തിയും ഫോണിലൂടെയും അഭിനന്ദനപ്രവാഹമാണ്.

നാറാണംമൂഴി പഞ്ചായത്തിൽ അടിച്ചിപ്പുഴ ചൊള്ളനാവയൽ പതാലിൽ കെ.ആർ. കുഞ്ഞുമോന്റെയും ശ്രീദേവിയുടെയും മകളാണ് കെ.പി. അശ്വതിമോൾ. നീറ്റ് പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ 19-ാം റാങ്കാണ് അശ്വതിക്ക്. ഇല്ലായ്മയുടെ പട്ടികമാത്രം നിരത്താനുള്ള മലവേടർ കുടുംബത്തിലെ ഒരംഗത്തിന് ഇത് അത്യപൂർവനേട്ടം.

കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനത്തിലാണ് വീട്ടുചെലവും കുട്ടികളുടെ പഠനവുമെല്ലാം. താമസിക്കുന്ന സ്ഥലത്തിന് പട്ടയമില്ലാത്തതിനാൽ ബാങ്കുവായ്പപോലും എടുക്കാൻ വഴിയില്ലെന്ന്, ഓൾ കേരള ഹിന്ദു മലവേടർ സംഘം ജില്ലാ പ്രസിഡന്റായ മുത്തച്ഛൻ വി.കെ. പൊടിമോൻ പറയുന്നു.

അശ്വതി എഴുതിയ ഓരോ പരീക്ഷയുടെയും ഫലം അഞ്ഞൂറിലധികം പട്ടികവർഗ കുടുംബങ്ങളുള്ള അടിച്ചിപ്പുഴ, ചൊള്ളനാവയൽ, കരികുളം നഗറുകളിൽ ചരിത്രനേട്ടമായിരുന്നു. എസ്.എസ്.എൽ.സി.ക്കും പ്ലസ്ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ്; ഇപ്പോൾ മെഡിക്കൽ പ്രവേശനവും. പെരുനാട് ബഥനി സ്‌കൂളിൽ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ അശ്വതി, തിരുവനന്തപുരം കട്ടേല ഡോ. എ.എം.എം.ആർ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് പ്ലസ്ടു പഠിച്ചത്.

കാണാൻ പേരമ്മയില്ലാത്തത് സങ്കടം

അശ്വതി പ്ലസ്വൺ പഠിക്കുമ്പോഴാണ് അമ്മയുടെ സഹോദരി ശ്രീകലയ്ക്ക് കാൻസർ പിടിപെട്ടത്. കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളിലെ ആശുപത്രികളിലായിരുന്നു ചികിത്സ. അശ്വതിയായിരുന്നു ഒപ്പം പോയിരുന്നത്. ഡോക്ടറായി, പേരമ്മയെപ്പോലെ ദുരിതമനുഭവിക്കുന്നവരെ ചികിത്സിക്കണമെന്ന തീരുമാനം അന്നുണ്ടായതാണ്.

ആഗ്രഹം പങ്കുവെച്ചപ്പോൾ ഹോസ്റ്റലിലെ ആന്റി, തിരുവനന്തപുരം കളക്ടറുടെ സൂപ്പർ 100 പദ്ധതിയെക്കുറിച്ച് പറഞ്ഞു. അതുവഴി, ഹ്രസ്വകാല പരിശീലനത്തിലൂടെ ആദ്യം നീറ്റ് പരീക്ഷ എഴുതിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ട്രൈബൽ വകുപ്പിന്റെ സഹായത്തോടെ ഒരുവർഷ പരിശീലനം നടത്തി എഴുതിയാണ് ഉന്നതറാങ്ക് നേടിയത്. എന്നാൽ, ഫലം എത്തുന്നതിന് ആറുമാസംമുൻപ് പേരമ്മ മരിച്ചു. അന്നെടുത്ത തീരുമാനപ്രകാരം, ഓങ്കോളജിസ്റ്റ് ആകുകയാണ് ലക്ഷ്യം.

അഭിനന്ദനപ്രവാഹം

മെഡിക്കൽ പ്രവേശനം ലഭിച്ചതറിഞ്ഞതോടെ അഡ്വ. പഴകുളം മധു എം.എൽ.എ., നാറാണംമൂഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എച്ച്. സുനിൽകുമാർ, അംഗങ്ങൾ, ഊരുമൂപ്പൻ അപ്പുക്കുട്ടൻ, പഠിച്ച സ്‌കൂളുകളിലെ അധ്യാപകർ, മാനേജർ, സഹപാഠികൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങി നിരവധിപേരാണ് കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിലെത്തിയത്. തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന ജെറോമിക് ജോർജ് ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *