മുഖ്യമന്ത്രി-കെ.എസ്.യു തർക്കം: വി.ഡി സതീശനെ തള്ളി ഹൈക്കമാൻഡ്; അതൃപ്തി പരസ്യമാക്കി കെ.സി വേണുഗോപാലും ചെന്നിത്തലയും

ന്യൂഡൽഹി: മുഖ്യമന്ത്രി-കെഎസ്‌യു തർക്കത്തിൽ വി ഡി സതീശനെ തള്ളി ഹൈക്കമാൻഡ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായില്ല എന്നാണ് നേതൃത്വത്തിന്റെ നിലപാട്. പ്രതിപക്ഷത്ത് ഇരുന്നപ്പോൾ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പോരാട്ടം മറക്കാൻ പാടില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. എന്നാൽ അഭിപ്രായ വ്യത്യാസങ്ങൾ പോഷക സംഘടനകൾ പൊതു ഇടങ്ങളിലല്ല പറയേണ്ടതെന്നും ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടി.

കെ.എസ്‌യു അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നായിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. കെഎസ്‌യു മുമ്പും അഭിപ്രായം പറഞ്ഞിട്ടുണ്ട്. കെഎസ്‌യുവിന് പരാതി ഉണ്ടെങ്കിൽ പരിശോധിക്കും. മുഖ്യമന്ത്രി മുൻകൈ എടുക്കുമെന്നാണ് വിശ്വാസം. അഭിപ്രായം പറയുന്നതിന് ചില രീതികളുണ്ട്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയാവുന്നതേയുള്ളുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി-കെഎസ്‌യു തർക്കത്തിലെ പരസ്യ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് കെ സി വേണുഗോപാൽ എംപി രംഗത്തെത്തി. വിഷമകരമായ സംഭവം ഉണ്ടായാൽ ബന്ധപ്പെട്ട വേദികളിൽ അറിയിക്കണമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. അവർക്ക് വിഷമം ഉണ്ടായിട്ടുണ്ടാകും. അത് പാർട്ടി പരിശോധിക്കും. പാർട്ടി പ്രവർത്തകർക്ക് വിഷമം ഉണ്ടാക്കുന്ന നടപടികൾ ആരും ചെയ്യരുതെന്നാണ് തന്റെ അഭിപ്രായമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ജനങ്ങളാകെ പ്രതീക്ഷയോടെ കാണുന്ന സർക്കാരാണിത്. നമ്മുടെ ഭാഗത്ത് നിന്ന് തന്നെ അലോസരങ്ങൾ ഉണ്ടാകരുതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

വിവാദങ്ങൾക്കിടെ അലോഷ്യസ് സേവ്യറിനെ മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ പ്രശംസിച്ചു. അലോഷ്യസ് ആരുടെ മുന്നിലും നിലപാട് വ്യക്തമാക്കാൻ ധൈര്യമുള്ളയാളാണെന്ന് സുധീരൻ പറഞ്ഞു. എന്ത് കാര്യത്തിലും ആർജ്ജവത്തോടെ നിലപാട് പറയുന്ന ആളാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്. താൽക്കാലികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ധൈര്യമായി മുന്നോട്ട് പോകണമെന്നും വി എം സുധീരൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിലാടിരുന്നു സുധീരന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *