‘മരണം വരെ സുമംഗലിയായിരിക്കണം’;സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി,

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. സ്വപ്‌ന തന്നെയാണ് താൻ വിവാഹിതയായെന്ന വിവരം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്റെ വിവാഹജീവിതത്തിനായി പ്രാർഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്‌നാ സുരേഷ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. കേസിലെ മറ്റൊരു പ്രതിയായ പി.എസ്.സരിത്താണ് വരൻ. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സ്വപ്നയും തിരുവല്ലം സ്വദേശി സരിത്തും ഇപ്പോൾ കൊച്ചിയിലാണ് താമസം.

കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ‘ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല ഞങ്ങൾ വിവാഹ ജീവിതം തെരഞ്ഞെടുത്തത്; ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനും കൂടിയാണ്. മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണം’– സ്വപ്ന സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അതേസമയം വിവാഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്വപ്ന പങ്കുവെച്ചിട്ടില്ല. നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്ത് നടത്തിയെന്ന കേസിലെ പ്രതിയാണ് സ്വപ്‌നാ സുരേഷ്. സ്വപ്‌നാ സുരേഷിന്റെ മൂന്നാം വിവാഹമാണ് ഇത്. 2000-ത്തിലായിരുന്നു സ്വപ്‌നയുടെ ആദ്യ വിവാഹം. കൃഷ്ണകുമാറായിരുന്നു വരൻ. ഈ ബന്ധം 2008-ൽ അവസാനിച്ചു. പിന്നീട് 2011-ൽ ജയശങ്കർ എന്നയാളെ സ്വപ്‌ന വിവാഹം ചെയ്തു. ഈ ബന്ധവും പിന്നീട് വേർപിരിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *