കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു: നഗ്നചിത്രങ്ങളെടുത്ത് എട്ടുലക്ഷം ആവശ്യപ്പെട്ട സംഘത്തിലെ രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം തടങ്കലിൽ വെച്ച് പീഡിപ്പിക്കുകയും നഗ്നഫോട്ടോകൾ പകർത്തി എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിലായി. കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി സ്വദേശി ജിഷ്ണു ജയൻ (26), കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി കെ. അതുൽ (30) എന്നിവരെയാണ് ചേവായൂർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ യുവതി അടക്കം ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

ദുബായിൽ ജോലി ചെയ്യുന്ന മലാപ്പറമ്പ് സ്വദേശിയായ യുവാവിനാണ് ക്രൂരപീഡനം നേരിടേണ്ടി വന്നത്. സുഹൃത്തിനെ കാണാൻ ബെംഗളൂരുവിലെത്തിയ യുവാവിനെ ജൂലൈ 24-ന് ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ ആറംഗ സംഘം കാറിന്റെ ഡിക്കിയിലാക്കി തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കോഴിക്കോട് പയിമ്പ്ര ചാലിത്താഴത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ഹോക്കി സ്റ്റിക്ക് കൊണ്ട് മർദിക്കുകയും കത്തികൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു. ബലമായി ഫോണിൽ നഗ്നചിത്രങ്ങൾ പകർത്തി യുവാവിന്റെ അമ്മയ്ക്ക് അയച്ചുനൽകിയ ശേഷമാണ് എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്.

ഓഗസ്റ്റ് നാലിന് തടങ്കലിൽനിന്ന് രക്ഷപ്പെട്ട യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ ഒന്നാം പ്രതിയായ 21-കാരിയായ യുവതിയും സംഘവും ചേർന്നാണ് തട്ടിക്കൊണ്ടുപോകലും പണമാവശ്യപ്പെടലും ആസൂത്രണം ചെയ്തതെന്ന് തിരിച്ചറിഞ്ഞതായി യുവാവ് വെളിപ്പെടുത്തി.

അതേസമയം, പരാതിക്കാരനായ യുവാവ് തന്റെ നഗ്നദൃശ്യങ്ങൾ പകർത്തി പണത്തിനായി വിറ്റെന്നും ലഹരി ഉപയോഗിക്കാറുണ്ടെന്നും ആരോപിച്ചു യുവതി രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച യുവാവ് രക്തപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. സൈബർ പോലീസിന്റെ സഹായത്തോടെ പുരോഗമിക്കുന്ന കേസിന്റെ അന്വേഷണത്തിന് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ പി. പ്രമോദ് നേതൃത്വം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *