ബാലുശ്ശേരി (കോഴിക്കോട്)∙ ബെംഗളൂരുവിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് മരിച്ച മേധാ പൃഥ്വിരാജിന്(30) നാട് വിട നൽകി. തരിയോട് സെന്റ് മേരീസ് സ്കൂൾ റിട്ട. അധ്യാപകനും എൻസിപി (എസ്പി) ജില്ലാ സെക്രട്ടറിയുമായ പൃഥ്വിരാജ് മൊടക്കല്ലൂരിന്റെയും തരിയോട് ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ മുൻ അധ്യാപിക ഉഷയുടെയും മകളാണ്.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫിസിലെ അക്കൗണ്ട്സ് ഓഫിസറായ മേധ സഹപ്രവർത്തകയ്ക്ക് ഒപ്പം കഴിഞ്ഞ ദിവസം രാവിലെ സ്കൂട്ടറിൽ ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന സഹപ്രവർത്തകയ്ക്കു പരുക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മേധയെ രക്ഷിക്കാനായില്ല.
മകൾക്കും കുടുംബത്തിനും ഒപ്പം ഓണം ആഘോഷിക്കാൻ മാതാപിതാക്കൾ ഇന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാൻ തീരുമാനിച്ചതായിരുന്നു. മേധ നേരത്തേ എസ്ബിഐയിൽ ജോലി ചെയ്തിരുന്നു. ഭർത്താവ്: എസ്.എൽ.ആകർഷ് (ഐടി ഉദ്യോഗസ്ഥൻ, ബെംഗളൂരു). മകൻ: ദക്ഷ്. സഹോദരൻ: ഗൗതം.
അറപ്പീടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടിലായിരുന്നു സംസ്കാര ചടങ്ങുകൾ. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ ഒട്ടേറെ ആളുകൾ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.വി.ടി.സൂരജ് എംഎൽഎ, മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ മംഗൾദാസ് ത്രിവേണി, വി.എം.കമലാക്ഷി, നേതാക്കളായ എം.ആലിക്കോയ, മുക്കം മുഹമ്മദ് തുടങ്ങിയവർ വീട്ടിൽ എത്തി.
