ഗർഭിണിയായ അവിവാഹിതയെ കൊന്ന് കുളത്തിൽ കല്ലുകെട്ടി താഴ്ത്തി; സൂപ്പർവൈസർ കുറ്റക്കാരൻ, ശിക്ഷാവിധി 18-ന്

മുട്ടം: ഇടുക്കി ജില്ലയിലെ പാമ്പാടുംപാറയിൽ എട്ടുമാസം ഗർഭിണിയായ അവിവാഹിതയെ കൊന്ന് കാപ്പിത്തോട്ടത്തിലെ കുളത്തിൽ കല്ലുകെട്ടിത്താഴ്ത്തിയ കേസിൽ എസ്റ്റേറ്റ് സൂപ്പർവൈസർ മാത്യു ദേവസ്യ (തങ്കച്ചൻ-63) കുറ്റക്കാരനാണെന്ന് തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സനു എസ്. പണിക്കർ കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ 18-ന് വിധിക്കും.

2012 ജനുവരി മൂന്നിനാണ് കൊലപാതകം നടന്നത്. മാത്യു, കണ്ണമുണ്ട ഏലത്തോട്ടത്തിലെ സൂപ്പർവൈസറും കൊലചെയ്യപ്പെട്ട സ്ത്രീ അവിടെ തൊഴിലാളിയുമായിരുന്നു. ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നു. സ്ത്രീ ഗർഭിണിയായി. മാത്യുവിന് ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. ഈ സ്ത്രീ പ്രസവിച്ചാൽ തന്റെ കുടുംബജീവിതം തകരുമെന്നും സത്‌പേരിന് കളങ്കമുണ്ടാകുമെന്നുമുള്ള ഭയമാണ് കൊലപാതകത്തിന് പ്രേരണയായത്. സംഭവദിവസം ജോലിയ്ക്കെന്നു പറഞ്ഞ് വീടുവിട്ട് ഇറങ്ങിയ ഗർഭിണിയെ ഇയാൾ പാമ്പാടുംപാറ ആനകുത്തിഭാഗത്തേയ്ക്ക് വിളിച്ചുവരുത്തിയാണ് കൊന്നത്.

കട്ടപ്പനയിൽനിന്ന് പ്ലാസ്റ്റിക് കയറും പടുതയും നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്നു. ഈ കയർ കഴുത്തിൽ കുടുക്കി ശ്വാസംമുട്ടിച്ചാണ് ഗർഭിണിയെ കൊന്നത്. മൃതദേഹം പടുതയിൽ പൊതിഞ്ഞ് കല്ലുകെട്ടി കുളത്തിൽ താഴ്ത്തി.

സ്ത്രീ തിരികെ വരാഞ്ഞതിനെത്തുടർന്ന് മാതാപിതാക്കൾ കട്ടപ്പന പോലീസിൽ പരാതി നൽകി. ഇതിനിടെ മാത്യു ദേവസ്യ വിഷംകഴിച്ച് ജീവനൊടുക്കാനും ശ്രമിച്ചിരുന്നു.

ജനുവരി 14-ന് തോട്ടത്തിലെ കുളത്തിൽ ദുർഗന്ധം വമിക്കുന്നതായി തൊഴിലാളികൾ കണ്ടെത്തി. വിവരം വണ്ടൻമേട് പോലീസിൽ അറിയിച്ചു. പോലീസ്, ഇവിടെനിന്ന് സ്ത്രീയുടെയും പൊക്കിൾക്കൊടി അറ്റുപോകാത്ത ശിശുവിന്റെയും ജഡം കണ്ടെടുത്തു. ഇത് മകളുടെ മൃതദേഹമാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ഡി.എൻ.എ. പരിശോധനയും നടത്തി.

ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളുമാണ് സഹായിച്ചത്. കട്ടപ്പന സർക്കിൾ ഇൻസ്‌പെക്ടർ റെജി എം. കുന്നിപ്പറമ്പനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ 32 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും 23 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പ്രോസിക്യൂട്ടർ എസ്.എസ്. സനീഷ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *