മലപ്പുറം: എഴുത്തുലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ. കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും നെറ്റ്‌വർക്കിങ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തി എഴുത്തുലോട്ടറി ചൂതാട്ടം നടത്തിവന്ന പൊന്നാനി നൈതല്ലൂർ സ്വദേശി പുലകുന്നത്ത് മണികണ്ഠൻ എന്ന റൈറ്റർ മണി (52) യാണ് അറസ്റ്റിലായത്. മുമ്പ് കടകൾ കേന്ദ്രീകരിച്ച് ലോട്ടറി ചുതാട്ടം നടത്തിയതിൻറെ പേരിൽ മൂന്നു തവണ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംശയം തോന്നാതിരിക്കാൻ കട ഒഴിവാക്കി വീട് കേന്ദ്രീകരിച്ച് ഫോൺ വഴിയാണ് മണി ആവശ്യക്കാരെ സമീപിച്ചിരുന്നത്. ഓൺലൈൻ പേയ്മെൻറ് വഴി സ്വരൂപിക്കുന്ന ലക്ഷങ്ങൾ ബിനാമി അക്കൗണ്ടുകളിലായി കൈകാര്യം ചെയ്യുന്നതായി പൊലീസ് അന്വേഷണത്തിൽ മനസ്സിലായി. വാടക അക്കൗണ്ടുകളിലെ പണമിടപാടുകളെ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്തുമെന്ന് പൊന്നാനി സി.ഐ അറിയിച്ചു.
