തിരുവനന്തപുരം: കോവളം സ്പായിലെ പീഡനത്തിൽ അഞ്ചാംപ്രതി ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ കസ്റ്റഡിയിൽ വിട്ട് കോടതി. ഈ മാസം ആറു വരെയാണ് പൊലീസ് കസ്റ്റഡി. അനുരൂപുമായി പൊലീസ് ഉടൻ തെളിവെടുപ്പ് നടത്തും. നേരത്തെ പതിനാറുകാരിയെ സ്പാ നടത്തിപ്പുകാരൻ സജിത്തും പീഡിപ്പിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു സജിത്ത് പെൺകുട്ടിയെ ക്രൂരമായി മർദിച്ചിരുന്നുവെന്നും പീഡിപ്പിച്ചുവെന്നും സാക്ഷി മൊഴി ലഭിച്ചു. സ്പാ ഉടമ അനുരൂപിനെയും, സജിത്തിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
കോവളത്തെ സ്പാ നടത്തിപ്പുകാരനായ സജിത്തിന് അന്തരാഷ്ട്ര സെക്സ് റാക്കറ്റുമായി ബന്ധമുണ്ടായിരുന്നുവെന്നു നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. സജിത്തിന്റെ ആവശ്യപ്രകാരമാണ് പെൺകുട്ടിയെ എത്തിച്ചതെന്നും അറസ്റ്റിലായ ചിലർ മൊഴി നൽകിയിരുന്നു. അറസ്റ്റിലായ അന്തർസംസ്ഥാന സെക്സ് റാക്കറ്റിലെ ഇടനിലക്കാരി ബെംഗളൂരു സ്വദേശിനി വാണിയുമായി സജിത്തിന് അടുത്ത ബന്ധമുണ്ടെന്നു സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പെൺകുട്ടിയെ നടത്തിപ്പുകാർ പീഡിപ്പിച്ചിരുന്നോയെന്നു പൊലീസ് അന്വേഷിച്ചത്.
നടത്തിപ്പുകാരനായ സജിത്ത് പെൺകുട്ടിയെ പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും, ക്രൂരമായി ശാരീരിക ഉപദ്രവത്തിനു വിധേയമാക്കിയിട്ടുണ്ടെന്നും പൊലീസിന് സാക്ഷി മൊഴികൾ ലഭിച്ചു. ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ സ്പായിൽ ഉപയോഗിച്ചതെന്നും വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സജിത്ത് സ്പാ ഉടമ അനുരൂപ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ തീരുമാനം.
സ്പായിലെത്തിയ എത്ര പേർ പെൺകുട്ടിയെ ഉപദ്രവിച്ചു എന്നതിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അതേസമയം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന അനുരൂപിനെ സർവീസിൽ നിന്നും പുറത്താക്കാൻ ഈ ആഴ്ച തന്നെ നഗരസഭാ അധികൃതർ സർക്കാരിന് കത്ത് കൈമാറും.
