വടകര: വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യം തുടരും. ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്.
ജിതിന് ജാമ്യം ലഭിച്ച ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങളും പൊലീസിനും സർക്കാരിനുമെതിരെയുള്ള വെല്ലുവിളികളും പ്രകോപന മുദ്യാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. രണ്ട് സംഭവങ്ങളിലും ജിതിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ജാഥകളിൽ പങ്കെടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ലെന്നും പൊലീസ് കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
അതേസമയം, മറ്റൊരു ഡിവൈെഎഫ്ഐ നേതാവായ റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യപേക്ഷയിൽ കോഴിക്കോട് സെഷൻസ് കോടതിഇന്ന് വിധി പറയും. കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് രാമകൃഷ്ണൻ കോടതിയെ സമീപിച്ചത്.
