കാസർകോട് : 30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളിയും കൂട്ടാളിയും പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്. കാഞ്ഞങ്ങാട് സ്വദേശിയായ അഹമ്മദ് കബീർ ലാല (ലാലാ കബീർ), മുഹമ്മദ് മിർഷാൻ എന്നിവരാണ് ആരിക്കാടി ടോൾ പ്ലാസയ്ക്ക് സമീപത്ത് വച്ച് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്നാണ് പൊലീസ് ശനിയാഴ്ച രാവിലെ ടോൾ പ്ലാസയ്ക്ക് സമീപത്ത് പരിശോധന നടത്തിയത്.
കേരളത്തിലും കർണാടകയിലുമായി കവർച്ച, തട്ടിക്കൊണ്ടു പോകൽ, ക്വട്ടേഷൻ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ലാലാ കബീർ. മൈസൂരുവിൽ ജയിലിലായിരുന്ന ലാലാ കബീർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കുമ്പള പൊലീസ് ഇൻസ്‌പെക്ടർ ബൈജു കെ. ജോസ്, എസ്‌ഐ കെ.പി. ഗണേശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
