മാനന്തവാടി: മാനന്തവാടിയിൽ രാത്രിയിൽ വാടകവീട് അതിക്രമിച്ചു കയറി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം കവർന്ന കേസിൽ കുപ്രസിദ്ധ സ്ഥിരം മോഷ്ടാവ് പിടിയിലായി. കോഴിക്കോട് കുന്ദമംഗലം സ്വദേശി എം. മുഹമ്മദലി (67) യെയാണ് സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ മാനന്തവാടി പോലീസ് പിടികൂടിയത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ഇരിട്ടിയിലെ ഒരു ലോഡ്ജിൽ വെച്ചാണ് പോലീസ് ഇയാളെ വലയിലാക്കിയത്.
കഴിഞ്ഞ ജൂൺ 29-നാണ് മാനന്തവാടി കെ.എസ്.ആർ.ടി.സി. ഗാരേജ് റോഡിലെ ക്വാർട്ടേഴ്‌സിൽ മോഷണം നടന്നത്. വീടിന്റെ മുൻവശത്തെ വാതിലിൻറെ പൂട്ട് പൊളിച്ച് അകത്തുകയറിയ പ്രതി, മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന മൂന്നര പവൻ തൂക്കമുള്ള മാല കവരുകയായിരുന്നു.
തന്റെ 39-ാം വയസ്സിൽ മോഷണം തുടങ്ങിയ മുഹമ്മദലിക്ക് നിലവിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസ്സുകളുണ്ട്. ശിക്ഷ കഴിഞ്ഞ് നാലു മാസം മുൻപാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്. മാനന്തവാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. പി. റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ.കെ. സോബിൻ, മുർഷിദ്, എ.എസ്.ഐ. മനീഷ്, സീനിയർ സി.പി.ഒ.മാരായ റോബിൻ, റയീസ്, സി.പി.ഒ.മാരായ നിസാർ, ഷിൻറോ, സിദ്ധീഖ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
