പേരാമ്പ്ര: എം.ഡി.എം.എ വിൽപ്പനയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി വടകര പൊലീസിന്റെ പിടിയിലായി. പേരാമ്പ്ര സ്വദേശിനി കീർത്തനയെയാണ് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) സ്ക്വാഡും വടകര പൊലീസും ചേർന്ന് പേരാമ്പ്രയിൽ വെച്ച് അറസ്റ്റ് ചെയ്തത്.

എം.ഡി.എം.എ വാങ്ങുന്ന ആവശ്യക്കാർ കീർത്തനയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണമിടപാടുകൾ നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. ലക്ഷക്കണക്കിന് രൂപയാണ് ലഹരിവിൽപ്പനയിലൂടെ ഇവരുടെ അക്കൗണ്ടിലേക്ക് വന്നിരുന്നത്. കഴിഞ്ഞദിവസം വടകര ആവിക്കൽ സ്വദേശിയെ എം.ഡി.എം.എയുമായി പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് ഒടുവിൽ പണമിടപാടിലെ പ്രധാന കണ്ണിയായ കീർത്തനയിലേക്ക് എത്തിയത്.
