കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21-കാരനും മരിച്ചു; ദുരന്തത്തിൽ പൊലിഞ്ഞത് അഞ്ച് സുഹൃത്തുക്കളുടെ ജീവൻ

ചാലോട്: കണ്ണൂരിലെ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരിച്ചു. തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്‌ലാറ്റിൽ താമസിക്കുന്ന നാവികസേന ഉദ്യോഗസ്ഥൻ എ പി പ്രദീപിന്റെയും ഹണിയുടെയും മകനാണ് ആദിത്യ കൃഷ്ണദീപ്. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന സംഘം സഞ്ചരിച്ച കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

വാഹനാപകടത്തിൽ ഇന്നലെ നാല് മരണം സ്ഥിരീകരിച്ചിരുന്നു. രണ്ട് മലയാളികളും രണ്ട് ഉത്തർപ്രദേശ് സ്വദേശികളുമാണ് അപകടത്തിൽ മരിച്ചത്. അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരാൾ അപകടസ്ഥലത്ത് വെച്ചും മൂന്ന് പേർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. കൂടാളിയിൽ അർദ്ധരാത്രിയോടെയായിരുന്നു അപകടം നടന്ന്. നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിക്കുകയായിരുന്നു.
മരത്തിൽ ഇടിച്ച് തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഫയർഫോഴ്സ് ഉള്ളിൽ ഉള്ളവരെ പുറത്തെടുത്തത്. പരം ഛേദ്രി, ഹർഷ്, റിസ്വാൻ, ഷാൻ എന്നിവരാണ് മരിച്ച മറ്റ് വ്യക്തികൾ.

ബെംഗളൂരുവിലെ ബിഎംഎസ് കോളേജിൽ നിന്ന് പാസ് ഔട്ടായ ഇവർ ബംഗളുരുവിൽ ജോലി ചെയ്യുകയായിരുന്നു. പഠനകാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. അടുത്ത ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അലവിൽ സ്വദേശിയായ ഷാൻ തന്റെ കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് വരികയായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് വൈകീട്ട് പുറപ്പെട്ട സംഘം വീട്ടിലെത്താൻ അര മണിക്കൂർ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *