ദില്ലി: കാലടി സർവകലാശാലയിലെ പരീക്ഷ വിവാദത്തിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു. സർവകലാശാലകളിൽ പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കേസ് സിംഗിൾ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ഉത്തരവിടുകയായിരുന്നു. വിദ്യാർത്ഥികൾക്കായി മുതിർന്ന അഭി ഭാഷകൻ പി വി ദിനേശ് ആണ് ഹാജരായത്. സസ്പെൻഷൻ വഴിയാണ് അറ്റൻഡസ് കുറഞ്ഞതെന്നും സർവകലാശാല മനപൂർവം ഉണ്ടാക്കിയ സാഹചര്യമാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ അറ്റൻഡൻസ് കോടതി പരിശോധിക്കണമെന്ന് സർവകലാശാലയും പറഞ്ഞു. ഉത്തരവ് വിദ്യാർത്ഥികൾക്ക് അനൂകൂലമെങ്കിൽ പ്രത്യേക പരീക്ഷ നടത്താമെന്നും സർവകലാശാല അറിയിച്ചു. ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

