ലൈംഗികാതിക്രമ പരാതി: കോൺഗ്രസ് എംപിയും ജെഎൻയു പ്രൊഫസറുമായ ബിമോൽ അക്കോയിജത്തിന് മുൻകൂർ ജാമ്യം

ലൈംഗികാതിക്രമ കേസിൽ കോൺഗ്രസ് എംപിയും ജെഎൻയു പ്രൊഫസറുമായ ബിമോൽ അക്കോയിജത്തിന് ദില്ലി കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്യേണ്ടി വന്നാൽ 7 ദിവസത്തെ നോട്ടീസ് നൽകണമെന്നും കോടതി നിർദേശിച്ചു.
ദില്ലി: ലൈംഗികാതിക്രമ കേസിൽ കോൺഗ്രസ് എംപിയും ജവഹർലാൽ നെഹ്റു സർവകലാശാല പ്രൊഫസറുമായ ബിമോൽ അക്കോയിജത്തിന് മുൻകൂർ ജാമ്യം. ദില്ലിയിലെ റോസ് അവന്യൂ കോടതിയാണ് അക്കോയിജത്തിന് മുൻകൂർ ജാമ്യം നൽകിയത്. അക്കോയിജത്തിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ കുറഞ്ഞത് 7 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണമെന്ന് പൊലീസിന് കോടതി നിർദേശം നൽകി. മുൻകാലങ്ങളിൽ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്ത വ്യക്തിയാണ് അക്കോയിജമെന്നും അദ്ദേഹം നിലവിൽ പൊലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് ബിമോൽ അക്കോയിജം. ജെഎൻയു സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ സെൻറർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റത്തിലെ പ്രൊഫസറായ അദ്ദേഹത്തിനെതിരെ പത്തിലേറെ വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ഈ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുന്നത് പൂർത്തിയായിട്ടില്ല. പരാതി നൽകിയവരുടെ പേരുകളും മറ്റു വിവരങ്ങളും ജെഎൻയു അധികൃതർ പൊലീസിന് കൈമാറാത്തതാണ് ഇതിന് കാരണം. വിദ്യാർത്ഥിനികളുടെ പരാതിയുടെ പശ്ചാത്തലത്തിൽ അക്കോയിജത്തെ സർവ്വകലാശാല പുറത്താക്കിയ നടപടിയും കഴിഞ്ഞ ദിവസം കോടതി സ്റ്റേ ചെയ്തിരുന്നു.

വിദ്യാർത്ഥിനികളുടെ പരാതി ജെഎൻയുവിലെ ഇൻ്റേണൽ കമ്മിറ്റി അന്വേഷിച്ചെന്നും തെളിവുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്മിറ്റി കടുത്ത ശിക്ഷാ നടപടി ശുപാർശ ചെയ്തെന്നുമാണ് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ഡി പണ്ഡിറ്റ് നേരത്തെ പ്രതികരിച്ചത്. സെൻട്രൽ സിവിൽ സർവീസസ് ചട്ടത്തിലെ 11 (ix) വകുപ്പ് പ്രകാരമായിരുന്നു നടപടി. തുടർന്ന് അക്കോയിജത്തിൻറെ പാർലമെൻറ് അംഗത്വം റദ്ദാക്കണമെന്ന് ബിജെപി വനിതാ എംപിമാർ ആവശ്യപ്പെടുകയും ചെയ്തു. അതിനിടെയാണ് കോടതി ബിമോൽ അക്കോയിജത്തിന് മുൻകൂർ ജാമ്യം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *