കോഴിക്കോട് ബീച്ചിൽ സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് കടലിൽ ഇറങ്ങിയത് തടഞ്ഞ ലൈഫ് ഗാർഡുകളെ ആക്രമിച്ചു; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് ബീച്ചിൽ സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങിയത് തടഞ്ഞ ലൈഫ് ഗാർഡുകളെ കർണാടക സ്വദേശികൾ ക്രൂരമായി ആക്രമിച്ചു. ബിയർ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ രണ്ട് ലൈഫ് ഗാർഡുകൾക്ക് പരിക്കേറ്റു. സംഭവത്തിൽ രണ്ട് കർണാടക സ്വദേശികളെ വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്: ബീച്ചിൽ സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് കടലിലിറങ്ങിയത് തടഞ്ഞതിന് ലൈഫ് ഗാർഡുകളെ ക്രൂരമായി ആക്രമിച്ചു. ഈ സംഭവത്തിൽ കർണാടക സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശികളായ ഖലീം പാഷ (36), മുഹമ്മദ് റയാൻ (19) എന്നിവരെയാണ് വെള്ളയിൽ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ടോടെ കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിന് സമീപം ലൈഫ് ഗാർഡുകളായ റോഷിത്തിനും ആദിലിനും നേരെയാണ് അതിക്രമമുണ്ടായത്. നിരോധിത മേഖലയിൽ കടലിൽ ഇറങ്ങരുതെന്ന് പറഞ്ഞതിലുള്ള വിരോധം കാരണം ഖലീം പാഷയും റയാനും ചേർന്ന് റോഷിത്തിനെ ഇടിക്കുകയും ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ആദിൽ എന്നയാൾക്ക് മർദ്ദനത്തിൽ കൈവിരലിന് പൊട്ടലുണ്ടാവുകയും ചെയ്തു. അക്രമികൾ റോഷിത്തിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിയ്ക്കാൻ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

കർണാടക സംഘം അപകടമുള്ള സ്ഥലത്ത് കടലിൽ നീന്തുന്നത് രണ്ടു തവണ ലൈഫ് ഗാർഡുമാർ തടഞ്ഞിരുന്നു. മൂന്നാം തവണ ആവർത്തിച്ചപ്പോൾ സമീപത്തുള്ള ഹോംഗാർഡിനെ വിളിച്ചു വരുത്തിയതിനെ തുടർന്ന് ഇവർ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ആക്രമണം തുടങ്ങിയപ്പോൾ സമീപത്ത് സ്പീഡ് ബോട്ട് സർവീസ് നടത്തുന്നവർ രക്ഷിക്കാനെത്തിയെങ്കിലും അവർക്കും മർദനമേറ്റു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *