കാലടി സർവകലാശാലാ വിദ്യാർഥികൾ സുപ്രീംകോടതിയിൽ; ഹൈക്കോടതി ഉത്തരവിനെതിരെ ഹർജി നൽകി

ന്യൂഡൽഹി: കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് മുൻപാകെ ഹർജി ഇന്ന് പരാമർശിക്കും. അഭിഭാഷകനായ കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേനയാണ് വിദ്യാർഥികൾ ഹർജി ഫയൽ ചെയ്തത്.

​വി.സി. സിസ തോമസിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ സസ്പെൻഷനിലായ 10 എസ്.എഫ്.ഐ. പ്രവർത്തകർക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ചട്ടവിരുദ്ധമായി തീരുമാനമെടുക്കാൻ സർവകലാശാലയോട് നിർദേശിക്കാൻ കോടതികൾക്ക് കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. ഇതിൽ വൻ തിരിച്ചടി നേരിട്ടതോടെയാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഡിവിഷൻ ബെഞ്ചിന്റെ നടപടി മനുഷ്യത്വമില്ലാത്തതാണെന്നായിരുന്നു വിദ്യാർഥികളുടെ പ്രതികരണം. സുപ്രീംകോടതി ഇന്ന് എടുക്കുന്ന തീരുമാനം വിദ്യാർഥികളുടെ പരീക്ഷാ ഭാവിയിൽ ഏറെ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *