‘കുറ്റപത്രത്തിലെ ഒരു കുറ്റവും ചെയ്തിട്ടില്ല’; വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ അക്രമിച്ചെന്ന കേസിൽ എസ്ഐടി റിപ്പോർട്ട് കോടതിയിൽ

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ അക്രമിച്ചെന്ന കേസിൽ കെ.എസ്.യു പ്രവർത്തകർക്കെതിരായ വകുപ്പുകൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി എസ്.ഐ.ടി കോടതിയിൽ റിപ്പോർട്ട് നൽകി. എസ്.ഐ.ടി തലവൻ യു പ്രേമനാണ് കണ്ണൂർ ജെ.എഫ്.സി.എം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയത്. കുറ്റപത്രത്തിലുള്ള ഒരു കുറ്റവും പ്രതിഷേധക്കാർ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ‘കലാപ ശ്രമം, റെയിൽവേ പരിസരത്ത് അതിക്രമിച്ചു കടക്കൽ എന്നീ വകുപ്പുകൾ നിലനിൽക്കില്ല, പൊലീസിൻറെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെട്ടിട്ടില്ല, കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും റിപ്പോർട്ടിൽ പരാമശിക്കുന്നുണ്ട്.

വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നത്. ഇത് വ്യക്തമാക്കി ഡിജിപിക്ക് എസ്ഐടി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. കെഎസ്‌യു പ്രവർത്തകർക്ക് വീണ ജോർജിൻറെ അടുത്ത് എത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധത്തെ പെരുപ്പിച്ചു കാട്ടിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ആക്രമിച്ചെന്ന കേസ് ഗൺമാൻ മൊഴി മാറ്റിയതിനാൽ നിലനിൽക്കില്ല. കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ആണ് ഉണ്ടായത്. അക്രമിച്ചെന്നു പറയുന്ന ആയുധങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നും എസ്ഐടി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിനെതിരെയുണ്ടായ പ്രതിഷേധത്തിൽ ഗൺമാൻ അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ എസ് യു പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. ആയുധമുപയോഗിച്ച് പ്രതിഷേധക്കാർ മന്ത്രിയെ അക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ തിരുത്തി. വീണയെ അക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടില്ലെന്നായിരുന്നു എസ് ഐ ടിക്ക് നൽകിയ മൊഴി. വീണയുടെ നിർദേശ പ്രകാരമാണ് തെറ്റായ മൊഴി നൽകിയതെന്നും എസ്ഐടിക്ക് മുന്നിൽ വെളിപ്പെടുത്തി. ഇതോടെ വീണ കുരുക്കിലാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *