എറണാകുളം: ചേരാനല്ലൂർ ബെൻസ് വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട്. പ്രതി ഉന്നത സ്വാധീനമുള്ളയാളെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയെന്നും പൊലീസ്. കേസിൽ പ്രതിയായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മുൻകൂർ ജാമ്യപേക്ഷ മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും.
നിയമത്തിന് മുന്നിൽ എല്ലാവരും തുല്യർ എന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മുൻകൂർ ജാമ്യം നൽകരുത് എന്നും പൊലീസ് പ്രോസിക്യൂട്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സെഷൻസ് ജഡ്ജിയുടെ മുൻകൂർ ജാമ്യപേക്ഷ അഞ്ചാം തീയതി ഹൈകോടതി പരിഗണിക്കും. നേരത്തെ ജഡ്ജിയെ അറസ്റ്റ് ചെയുന്നത് കോടതി വിലക്കിയിരുന്നു. ജഡ്ജി തെളിവ് നശിപ്പിച്ചു എന്ന ജയപാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണത്തിൽ ക്രൈം ബ്രാഞ്ച് ഉടൻ മൊഴി എടുക്കും.
അതേസമയം, 17കാരന്റെ പേരുവിവരങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിച്ചതിൽ സൈബർ പൊലീസ് കേസെടുത്തു. 18ഓളം പേർക്കെതിരെയാണ് കേസെടുത്തത്. അഡീഷണൽ സെഷൻസ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ്.
കേസിൽ തെളിവ് നശിപ്പിക്കൽ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം കഴിഞ്ഞ ദിവസം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപെടുത്തും. 17കാരന്റെ പിതാവായ ജഡ്ജി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നതിൽ വിശദമായ അന്വേഷണം നടക്കും.

