കോഴിക്കോട്: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കോഴിക്കോട് സിറ്റിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട സൈബർ തട്ടിപ്പ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട് സിറ്റിയിൽ ശരാശരി ഏഴിലധികം സൈബർ തട്ടിപ്പ് പരാതികളാണ് പ്രതിദിനം ലഭിക്കുന്നതെന്ന് സൈബർ പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
2024-ൽ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് 1,799 പരാതികൾ ലഭിച്ചതിൽ 128 കേസുകളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. 2025-ൽ പരാതികളുടെ എണ്ണം 2,142 ആയി ഉയർന്നപ്പോൾ 60 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ 2026 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം 2,297 പരാതികൾ പോലീസിന് ലഭിക്കുകയും 78 കേസുകളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഓൺലൈൻ തട്ടിപ്പുകളിൽ ഇരകളാകുന്ന സ്ത്രീകളുടെ എണ്ണത്തിലും വലിയ വർധനവുണ്ട്. സാമ്പത്തിക തട്ടിപ്പ് പരാതികളിൽ 60 മുതൽ 70 ശതമാനം വരെയും ഇരയാകുന്നത് സ്ത്രീകളാണ്. ഓൺലൈൻ വസ്ത്ര-ആഭരണ വിൽപ്പന, ഓൺലൈൻ മാർക്കറ്റിംഗ് എന്നിവയുടെ മറവിലാണ് ഇവർ പ്രധാനമായും വഞ്ചിക്കപ്പെടുന്നത്. അടുത്തിടെ കോഴിക്കോട്ടെ വീട്ടമ്മയിൽ നിന്ന് 1.35 കോടി രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 2024-ൽ 93 പേരെയും, 2025-ൽ 64 പേരെയും, 2026 ഒക്ടോബർ വരെ 42 പേരെയും സിറ്റി പരിധിയിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യു.പി.ഐ. പേയ്മെന്റ് തട്ടിപ്പ്, ഒ.ടി.പി. തട്ടിപ്പ്, സ്വകാര്യ വിവരങ്ങൾ ചോർത്തിയുള്ള ഭീഷണിപ്പെടുത്തൽ, ക്രെഡിറ്റ്-എ.ടി.എം. കാർഡ് തട്ടിപ്പുകൾ, ക്യു.ആർ. കോഡ് തട്ടിപ്പ്, ഡിജിറ്റൽ അറസ്റ്റ്, വ്യാജ നിക്ഷേപ-ഓൺലൈൻ ട്രേഡിംഗ് സ്കീമുകൾ, വ്യാജ ലോൺ ആപ്പുകൾ എന്നിവയാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. ദിവസേന പുതിയ രീതികളിലാണ് തട്ടിപ്പുകാർ രംഗത്തിറങ്ങുന്നത്.
അതേസമയം, പണം നഷ്ടപ്പെട്ടാൽ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചാൽ തുക വീണ്ടെടുക്കാനുള്ള സാധ്യത കൂടുതലാണ്. എം.ആർ.എം. (Money Restoration Module), ജി.ആർ.എം. (Cyber Fraud Grievance Redressal Module) തുടങ്ങിയ സംവിധാനങ്ങൾ വഴി ബാങ്ക് മുഖേന പരാതി നൽകി തുക തിരികെ പിടിക്കാനാകും. തട്ടിപ്പുകാരന്റെ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കാനായാൽ 3 മുതൽ 4 ദിവസത്തിനകം തുക തിരികെ ലഭിക്കും. തട്ടിപ്പിനിരയായാൽ നേരിട്ട് പരാതി നൽകാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഹെൽപ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
