‘മന്ത്രി തെറിച്ച് പോയെന്നത് കൃത്രിമ മൊഴി’; വീണാ ജോർജിനെ അക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ, എസ്ഐടിക്ക് മൊഴി നൽകി വനിതാ എസ് ഐ

മുൻ കണ്ണൂർ ടൗൺ എസ് ഐ ദീപ്തിയാണ് എസ്ഐടിക്ക് മൊഴി നൽകിയത്. കെഎസ്‍യു അക്രമത്തിനിടെ മന്ത്രി തെറിച്ച് പോയെന്ന് അന്വേഷണ സംഘം തൻറെ പേരിൽ കള്ള മൊഴി രേഖപ്പെടുത്തിയെന്നാണ് ദീപ്തി എസ്ഐടിയെ അറിയിച്ചത്. ആദ്യ അന്വേഷണ സംഘം തൻറെ മൊഴിയെടുത്തിട്ടേയില്ലെന്നും ദീപ്തി.

തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെ അക്രമിച്ചെന്ന കേസിൽ തൻറെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ. മുൻ കണ്ണൂർ ടൗൺ എസ് ഐ ദീപ്തിയാണ് എസ്ഐടിക്ക് മൊഴി നൽകിയത്. കെഎസ്‍യു അക്രമത്തിനിടെ മന്ത്രി തെറിച്ച് പോയെന്ന് അന്വേഷണ സംഘം തൻറെ പേരിൽ കള്ള മൊഴി രേഖപ്പെടുത്തിയെന്നാണ് ദീപ്തി എസ്ഐടിയെ അറിയിച്ചത്. ആദ്യ അന്വേഷണ സംഘം തൻറെ മൊഴിയെടുത്തിട്ടേയില്ലെന്നും ദീപ്തി എസ്ഐടിയോട് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥയായിരുന്നു ദീപ്തി.

അതേസമയം, കേസിൽ തെറ്റായി മൊഴി നൽകിയ മുൻഗൺമാനെതിരെ നടപടി വന്നേക്കും. വീണയുടെ മുൻ ഗൺമാനായിരുന്ന അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്ത് കൊണ്ടുള്ള റിപ്പോർട്ട് എസ്ഐടി ഉടൻ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിനെതിരെയുണ്ടായ പ്രതിഷേധത്തിൽ ഗൺമാൻ അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ എസ് യു പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. ആയുധമുപയോഗിച്ച് പ്രതിഷേധക്കാർ മന്ത്രിയെ അക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ തിരുത്തി. വീണയെ അക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടില്ലെന്നായിരുന്നു എസ് ഐ ടിക്ക് നൽകിയ മൊഴി. വീണയുടെ നിർദേശ പ്രകാരമാണ് തെറ്റായ മൊഴി നൽകിയതെന്നും എസ്ഐടിക്ക് മുന്നിൽ വെളിപ്പെടുത്തി. ഇതോടെ വീണാ ജോർജാണ് കുരുക്കിലായത്. ഗൺമാൻറെ മൊഴി മാറ്റം എസ്ഐടി ഗൗരവമായാണ് കാണുന്നത്. ഇക്കാര്യം വിശദമാക്കി ഇയാൾക്കെതിരെ നടപടി ശിപാർശ ചെയ്യുന്ന റിപ്പോർട്ടാകും എസ്ഐടി ഡിജിപിക്ക് നൽകുക. ഇതിൻറെ അടിസ്ഥാനത്തിൽ അഭിലാഷിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേ സമയം സംഭവത്തിൽ വീണാ ജോർജ് മാപ്പ് പറയണമെന്ന ആവശ്യവുമായി അബിൻ വർക്കി എം എൽ എ രംഗത്തെത്തി.

കേസിൽ പ്രതികളായ കെഎസ്‍യു ജില്ലാ പ്രസിഡൻറ് എം സി അതുൽ ഉൾപ്പെടെ അഞ്ച് പേരുടേയും മൊഴി എസ്ഐടി രേഖപ്പെടുത്തി. എസ് ഐ ടി തലവൻ യു പ്രേമൻറെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതിഷേധ ദിവസമുണ്ടായ സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശമാണ് ഇവരിൽ നിന്നും അന്വേഷണ സംഘം തേടിയത്. അതേസമയം ഗൺമാൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത റെയിൽവേ പൊലീസ് ഇൻസ്പെക്ടറുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ചയുണ്ടായതായാണ് എസ്ഐടിയുടെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *